മയ്യിൽ: സഞ്ചാരികൾക്ക് പച്ചപ്പട്ടണിഞ്ഞ നെൽവയലിനു നടുവിലൂടെയുള്ള പൂച്ചെടികൾ അലങ്കരിച്ച ഗ്രാമപാതയുടെ സൗന്ദര്യം ആസ്വദിക്കാൻ മയ്യിലിൽ എത്തിയാൽ മതി. പഞ്ചായത്തിലെ ഒന്നാം വാർഡ് ഒറപ്പടിയിലെ പട്ട്വം വയൽ പാടശേഖരത്തിലാണ് വർണങ്ങളാൽ ആരെയും വീഴ്ത്തുന്ന പാതയും വയലുമുള്ളത്. ഗ്രാമീണ പാതയുടെ ഇരുപുറവും വർണ വൈവിധ്യം നിറച്ച പൂച്ചെടികൾ താനെ വളർന്നതല്ല. അതിരാവിലെയും വൈകീട്ടും കർഷകനും മാധ്യമ പ്രവർത്തകനുമായ കെ. സുരേഷിൻ്റെ കരുതലിലാണ് വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കും വിധം ഗ്രാമപാതയെ മാറ്റിയെടുത്തത്. അരക്കിലോ മീറ്റർ ദൂരത്തിലാണ് കഴിഞ്ഞ രണ്ട് വർഷമായി സുരേഷ് ചെടികൾ നട്ട് സംരക്ഷണം ഒരുക്കുന്നത്. നാടൻ ചെടികളോടൊപ്പം വിവിധ തരം നിറത്തിലുള്ള ചെണ്ടുമല്ലിക, മന്ദാരം, തെച്ചി, ചെമ്പരത്തി എന്നിവയും പാതയെ വർണാഭമാക്കുന്നുണ്ട്. നിരവധി പേരാണ് ഇവിടെയെത്തി സെൽഫിയെടുത്തും വീഡിയോയും എടുക്കുന്നതെന്ന് പഞ്ചായത്തംഗം ജിനിഷ് ചാപ്പാടി പറഞ്ഞു.

Post a Comment