Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മാവേലി വരുന്നു; നാല് ബിന്നുകളുമായി

മാവേലി വരുന്നു; നാല് ബിന്നുകളുമായി

തരംതിരിക്കാം മാവേലിക്കൊപ്പം പ്രചാരണപരിപാടിയിൽ ജില്ലാകലക്ടർ പി വിഷ്‌ണു രാജിനൊപ്പം ബിന്നുകളുമായി മാവേലിമാർ
ഓണാഘോഷത്തിനിടയില്‍ മാലിന്യം വലിച്ചെറിയാതെ തരംതിരിച്ച് ശേഖരിക്കാന്‍ പ്രജകളെ പ്രാപ്തരാക്കുന്നതിന് വേണ്ടി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ രണ്ട് മാവേലിമാര്‍ ജില്ലയില്‍ പര്യടനം തുടങ്ങി. മാവേലിയുടെ കൈവശമുള്ള പാത്രത്തില്‍ നിന്നും നറുക്കെടുപ്പിലൂടെ കിട്ടുന്ന മാലിന്യം പച്ച, നീല, ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള അനുയോജ്യമായ ബിന്നുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മാവേലി സമ്മാനങ്ങള്‍ നല്‍കും. ബിന്നുകള്‍ മാറി നിക്ഷേപിച്ചു പോകുന്നവര്‍ക്ക് അത് കൃത്യമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ മാവേലിയുടെ ടീമും മല്‍സരാര്‍ത്ഥികളെ സഹായിക്കും.
ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന പുതിയ ഖരമാലിന്യ പരിപാലന നിയമത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് ശുചിത്വമിഷന്റെ മാവേലിയും സംഘവും. ഒപ്പം ഓണാഘോഷങ്ങള്‍ മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുകയെന്ന ലക്ഷ്യവും. 'തരം തിരിക്കാം മാലിന്യം മാവേലിക്കൊപ്പം' എന്ന പേരിലുള്ള പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ഫ്‌ളാഗ് ഓഫ് കര്‍മ്മവും ജില്ലാ കലക്ടര്‍ പി. വിഷ്ണുരാജ്  നിര്‍വഹിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ ക്ലീന്‍ സിറ്റി മാനേജര്‍ കെ വി രാജീവന്‍, കണ്ണൂര്‍ എസ് എന്‍ കോളേജ്, ഗവ. വനിതാ കൃഷ്ണമേനോന്‍ സ്മാര കോളേജ് എന്നിവിടങ്ങളിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍, ജില്ലാ ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരി ബാഗുകള്‍, പേപ്പര്‍ കപ്പുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കി, പകരം പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ആഘോഷവേളകളില്‍ ഉണ്ടാകുന്ന മാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ ഉറവിടത്തില്‍ തന്നെ തരംതിരിച്ച് അതത് ബിന്നുകളില്‍ നിക്ഷേപിക്കണമെന്ന സന്ദേശവും ഇതിലൂടെ പ്രചരിപ്പിക്കും. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുന്നതിന്റെ പ്രാധാന്യം, പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ പ്രത്യേകം കൈമാറേണ്ടതിന്റെ ആവശ്യകത, ഓണാഘോഷങ്ങളോടനുബന്ധിച്ച് പൊതുസ്ഥലങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടുന്നത് ഒഴിവാക്കുക തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കര്‍മസേന, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രചാരണ പരിപാടി നടത്തുന്നത്. 'മാലിന്യം വലിച്ചെറിയാതെ തരംതിരിച്ച് കൈമാറാം, ഹരിത ഓണം ആഘോഷിക്കാം' എന്നതാണ് പ്രചാരണ പരിപാടിയുടെ മുഖ്യ സന്ദേശം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്