വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തണമെന്ന സംഘപരിവാറിന്റെ ആഗ്രഹത്തിന് ഒപ്പുചാർത്തുകയാണ് സതീശൻ. മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ വഖഫ്‌ബോർഡിൽ ന്യൂനപക്ഷമാകാൻ കൂടി അവസരമൊരുക്കുന്ന 14ാം വകുപ്പ് പൂർണ്ണമായും അംഗീകരിക്കുകയാണ് യുഡിഎഫ് സർക്കാർ. ഈ യാഥാർഥ്യത്തെ മറയ്ക്കാൻ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി എത്രകാലം പിടിച്ചുനിൽക്കും?
വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ഇന്ത്യയിൽ ആദ്യമായി വഖഫ് ബോർഡ് രൂപീകരിച്ചത് തമിഴ്‌നാടാണ്. പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോൾ കേരളമാണെന്ന് 'ആധികാരികമായി' നുണപറയുകയാണ് വിഡി സതീശൻ. വഖഫ് ബോർഡ് രൂപീകരിച്ച് കേരളം വിജ്ഞാപനം പുറത്തിറക്കിയത് 2026 ഫെബ്രുവരി നാലിനാണ്. എന്നാൽ മുഖ്യമന്ത്രിയുടെ കണക്കിൽ അത് 2025 നവമ്പറാണ്.
അന്നിറക്കിയ വിജ്ഞാപനത്തിൽ 'അമുസ്ലിം' എന്നൊരു വാക്കുപോലുമില്ല. തമിഴ്‌നാടിനെപ്പോലെ കേരളവും രണ്ട് അംഗങ്ങളെ ഒഴിച്ചുനിർത്തിയാണ് വഖഫ് ബോർഡ് രൂപീകരിച്ചത്. ഇസ്ലാമികവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവ്വഹിക്കുന്ന വഖഫ് ബോർഡിൽ അമുസ്ലിങ്ങൾ പാടില്ലെന്നത് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടാണ്. സുപ്രീം കോടതിയിൽ കേരളം ഈ നിലപാട് ശക്തമായി അറിയിച്ചിട്ടുമുണ്ട്. വിധി വരുന്നതുവരെ കാത്തിരിക്കുകയെന്ന തമിഴ്‌നാട് സ്വീകരിച്ചതുപോലെയുള്ള നിലപാട് സ്വീകരിച്ചുകൊണ്ടാണ് കേരളവും ബോർഡ് രൂപീകരിച്ചത്.
വഖഫ് നിയമഭേദഗതി ചോദ്യം ചെയ്ത കേസ്സുകൾ തള്ളിയെന്നും ഇപ്പോൾ മുഖ്യമന്ത്രി കള്ളം പറയുന്നു. മാത്രമല്ല, കേസ് തള്ളിയതിനാൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ടുപേരെ ഉൾപ്പെടുത്തേണ്ടത് നിയമപരമാണെന്നും ആധികാരികമായി പറഞ്ഞുകളഞ്ഞു. 2026 ആഗസ്തിൽ വാദം കേൾക്കാമെന്ന് 2026 മേയ് 15ന് സുപ്രീം കോടതി ഉത്തരവിട്ടത് പൊതുമണ്ഡലത്തിൽ നിലനിൽക്കെയാണ് കണ്ണടച്ചുകൊണ്ട് ഈ നുണകളെല്ലാം തുടർച്ചയായി എഴുന്നെള്ളിക്കുന്നത്!
വഖഫ് മന്ത്രിയുടെയും പ്രധാന ഭരണപങ്കാളിയായ മുസ്ലീം ലീഗിന്റെയും നിലപാട് അറിയാൻ കേരളജനത കാത്തിരിക്കുന്നു എന്നും കെ.കെ. രാഗേഷ് പറഞ്ഞു.

Post a Comment