തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അടുത്ത മാസങ്ങളിലും തുടരുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഡിസംബര്‍ വരെയും വൈദ്യുതി ക്ഷാമം നേരിടേണ്ടി വരുമെന്നും, ലോഡ് ഷെഡിങ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നും കെഎസ്ഇബി അറിയിച്ചു. പ്രതിസന്ധി മറികടക്കാന്‍ നിലവില്‍ നിശ്ചയിച്ചിരിക്കുന്ന വിലപരിധിക്ക് മുകളിലും വൈദ്യുതി വാങ്ങേണ്ടി വരാമെന്ന് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ യൂണിറ്റിന് 10 രൂപയാണ് വൈദ്യുതി വാങ്ങുന്നതിനുള്ള ഉയര്‍ന്ന പരിധി. എന്നാല്‍ അധിക വൈദ്യുതി ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടും ഈ മാസത്തേക്ക് വിതരണക്കാര്‍ ബിഡ് സമര്‍പ്പിച്ചിട്ടില്ല. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട ബാധ്യതയും ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കുന്ന ഘടകങ്ങളായി കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ 30 വരെ വൈകുന്നേരം ആറു മുതല്‍ രാത്രി 12 വരെ പരിമിതമായ വൈദ്യുതി നിയന്ത്രണം ആവശ്യമായി വരാമെന്ന് നേരത്തെ തന്നെ കെഎസ്ഇബി അറിയിച്ചിരുന്നു. രാജ്യവ്യാപകമായി വൈദ്യുതി ലഭ്യത കുറയുകയും ആവശ്യകത വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി. സംസ്ഥാനത്ത് മണ്‍സൂണ്‍ ആരംഭിച്ചിട്ടും മഴ ശക്തമാകാത്തതിനാല്‍ താപനില ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. ഇതോടെ വൈദ്യുതി ഉപയോഗവും ഗണ്യമായി വര്‍ധിച്ചു. 4,100 മെഗാവാട്ട് ആവശ്യകത പ്രതീക്ഷിച്ചിരുന്നിടത്ത് ചില ദിവസങ്ങളില്‍ അത് 4,900 മെഗാവാട്ട് വരെ ഉയരുന്നതായും കെഎസ്ഇബി വ്യക്തമാക്കി. ആഭ്യന്തര ഉല്‍പ്പാദനം, കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള വിഹിതം, ദീര്‍ഘകാല കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതി എന്നിവ പൂര്‍ണമായും ലഭിച്ചാലും ജൂണ്‍ രണ്ടാംപകുതിയില്‍ ഏകദേശം 900 മെഗാവാട്ടിന്റെ കുറവ് നേരിടേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. കൂടാതെ, പവര്‍ എക്‌സ്‌ചേഞ്ചുകളിലെ വൈദ്യുതി ലഭ്യതയും ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത അവസ്ഥയാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

Post a Comment