നീര്ച്ചാല് പൊട്ടിയൊഴുകി: അന്നം വിളയേണ്ട വയലില് നിറഞ്ഞത് മാലിന്യവും ചെളിമണ്ണും
8hari60 കനത്ത മഴയില് കുത്തിയൊലിച്ചെത്തിയ വെള്ളം നീര്ച്ചാല് തകര്ത്ത് അരയിടം പാടശേഖരത്തിലൊഴുകിയെത്തിയപ്പോള് ബാക്കിയായ മാലിന്യം പെറുക്കിയെടുക്കുന്ന പൊതുപ്രവര്ത്തകര്
മയ്യില്: കനത്ത മഴയില് കുത്തിയൊലിച്ചെത്തിയ വെള്ളം നീര്ച്ചാലും തകര്ത്തൊഴുകിയത് പാടശേഖരത്തിലേക്ക്. ഇതോടെ അന്നം വിളയേണ്ട പാടശേഖരം പ്ലാസ്റ്റിക് മാലിന്യത്തിലും ചെളിമണ്ണുമായി നിറഞ്ഞു. ഒന്നാം വിളക്കായൊരുങ്ങി തുടങ്ങിയ വയലിലേക്കാണ് വന്തോതില് മാലിന്യവും ചരലും വന്നടിഞ്ഞത്. മയ്യില് പഞ്ചായത്തിലെ അരയിടം പാടശേഖരത്തിലേക്കാണ് നിരന്തോട്- ചാലവയല് നീര്ച്ചാല് തകര്ന്നതോടെ വെള്ളം ഇരമ്പിയെത്തിയത്. നിരന്തോട് ടൗണില് നിന്നും മറ്റുമുള്ള മാലിന്യമാണ് വന്നടിഞ്ഞതെന്നാണ് കരുതുന്നതെന്ന് കര്ഷകര് പറഞ്ഞു. മയ്യില് പഞ്ചായത്തിലെ മൂന്നു വിള നെല്ക്കൃഷിയും ഇടവിളകളായി വന്തോതില് പച്ചക്കറികളും കൃഷി ചെയ്യുന്ന പാടശേഖരമാണിത്. സംഭവമറിഞ്ഞ് മുന് പഞ്ചായത്ത് പ്രസിഡന്റ്് എം.വി.അജിത, പഞ്ചായത്തംഗം പിട്ടന് രാജേഷ്, ചാലവയല് പാടശേഖര സെക്രട്ടറി സി.അനിത, പുളുക്കൂല് സുരേശന് തുടങ്ങിയവര് വയലിലെത്തി ഭാഗികമായി ശുചീകരണം നടത്തി.
വയല് ശുചീകരിക്കും : ഡി.വൈ.എഫ്.ഐ.
നീര്ച്ചാല് പൊട്ടി മാലിന്യം നിറഞ്ഞ പാടശേഖരം സന്നദ്ധപ്രവര്ത്തകരുടെയും മറ്റുള്ളവരുടെയും സഹകരണത്തോടെ ശുചീകരിച്ചു നല്കുമെന്ന് ഡി.വൈഎഫ്.ഐ. ചെറുപഴശ്ശി മേഖലാ കമ്മിറ്റി അറിയിച്ചു. നീര്ച്ചാല് ശുചീകരണവും തോട് ശൂചീകരണവും കര്ഷകരുടെ മേല്നോട്ടത്തില് നടക്കാത്തതാണ് പ്രശ്നങ്ങള്ക്കിടയാക്കിയതെന്ന് മേഖലാ സെക്രട്ടറി എം. അശ്വന്ത് പറഞ്ഞു.
നീര്ച്ചാല് ബലപ്പെടുത്തണം
രൂക്ഷമായ വെള്ളമൊഴുകിയെത്തുന്നതിന് മുമ്പേ നിരന്തോട്- ചാലവയല് നീര്ച്ചാല് ബലപ്പെടുത്തുന്നതിനും വെള്ളം ഒഴുകിപ്പോകുന്നതിന്് സാഹചര്യമൊരുക്കുന്നതിനും കര്ഷകര് സന്നദ്ധരാകേണ്ടതുണ്ട്. പഞ്ചായത്തിലെ മികച്ച ഫലഭൂയിഷ്ടമായ പാടശശേഖരങ്ങളിലൊന്നായ അരയിടം പാടശേഖരം ചരലും മണ്ണും നിറയുന്നത് ഒഴിവാക്കേണ്ടതുണ്ട്.
ടി.കെ. ബാലകൃഷ്ണന്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്, മയ്യില് പഞ്ചായത്ത്.
പ്രദേശത്ത്് തെളിമ പദ്ധതി നടപ്പിലാക്കും
ഇരിക്കൂര് ബ്ലോക്ക് പഞ്ചായത്ത് മുഖേന ജൈവഗ്രാമം പദ്ധതിയിലുള്പ്പെടുത്തി വയല് ശുചീകരണത്തിനും മറ്റുമായി തെളിമ പദ്ധതി ഭര്ജ്ജിതമായി നടപ്പിലാക്കും.
എ.വി. സൗമിനി, ബ്ലോക്ക് പഞ്ചായത്തംഗം, ഇരിക്കൂര്
Post a Comment