മയ്യിൽ : ജന്മനാടിൻ്റെയും കർഷകരുടെയും സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര വ്യക്തിത്വത്തിന് ഉടമയാണ് വിഷ്ണു ഭാരതീയനെന്ന് അഖിലേന്ത്യ ജനകീയ ശാസ്ത്രശൃംഖലയുടെ മുൻ ജനറൽ സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനുമായ ടി. ഗംഗാധരൻ പറഞ്ഞു. കെ.എസ് &എ.സി സംഘടിപ്പിച്ച വിഷ്ണുഭാരതീയൻ അനുസ്മരണത്തിൽ ഭാരതീയനും കേരളവും എന്ന വിഷയത്തിൽ ഇത്തവണത്തെ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലബാറിൽ വ്യാപകമായും മറ്റു പ്രദേശങ്ങളിലും മദിരാശിയിലുമൊക്കെ കർഷകരെ സംഘടിപ്പിക്കുന്നതിനായി അദ്ദേഹം സഞ്ചരിച്ചു. വിനോബഭാവെയുടെ ഭൂദാന പ്രസ്ഥാനത്തിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സ്വന്തം പറമ്പു പാടവും തേക്കും പ്ലാവും വിറ്റിട്ടാണ് പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്താറ്. ഒരർഥത്തിൽ സ്വന്തം മനസ്സും അധ്വാനവും സമ്പത്തും നാടിന് നൽകി. പയ്യന്നൂരിൽ ഗാന്ധിജി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം, ഉപ്പുസത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം ഇവയിലെല്ലാം നേതൃസ്ഥാനത്ത് നിന്നു പ്രവർത്തിച്ചു. ഗുരുവായൂർ സത്യാഗ്രഹത്തിൽ
സത്യാഗ്രഹികളെ ആനയെ കൊണ്ട് ചവിട്ടിച്ചു കൊല്ലാൻ ശ്രമിച്ചപ്പോൾ ധൈര്യപൂർവം ആന വേണമെങ്കിൽ ചവിട്ടട്ടെ എന്ന് മനസ്സിലുറപ്പിച്ച് മലർന്നു കിടന്ന സ്ഥൈര്യവും വീര്യവും കാണിച്ച നേതാവാണദ്ദേഹം. മോറാഴ സംഭവത്തിനിടയാക്കിയ സാമ്രാജ്യത്യവിരുദ്ധ പ്രതിഷേധ പരിപാടിയിൽ അദ്ദേഹമായിരുന്നു അധ്യക്ഷൻ. പാർട്ടികൾ മാറി മാറി പോയെങ്കിലും അദ്ദേഹത്തിൻ്റെ മനസ്സെപ്പോഴും കമ്യൂണിസ്റ്റായിരുന്നു. അടിസ്ഥാന വർഗത്തിൻ്റെ മോചനമായിരുന്നു ലക്ഷ്യം. ഇന്ത്യയിലെ ആദ്യത്തെ കർഷക സമരസംഘടന രൂപം കൊള്ളുന്നത് അദ്ദേഹത്തിൻ്റെ ഭവനത്തിൽ വെച്ചാണ്. 1970 ലാണ് ഭൂപരിഷ്കരണ നിയമം പൂർണ രൂപത്തിൽ നടപ്പിലാവുന്നത്. അതിന് കാരണക്കാരിൽ ഒരാൾ ഭാരതീയൻ കൂടിയാണ്. അതാണ് കേരള സമൂഹത്തിൽ ഭാരതീയൻ്റെ സംഭാവന. അദ്ദേഹം പറഞ്ഞു. അഡ്വ പി. അജയകുമാർ അധ്യക്ഷത വഹിച്ചു. വിഷ്ണുഭാരതീയൻ്റെ ആത്മകഥയെ അടിസ്ഥാനമാക്കി രചിച്ച നാടകത്തെക്കുറിച്ച് നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ സംസാരിച്ചു. നാടക സ്ക്രിപ്റ്റ് വിജേഷ് നണിയൂർ ഏറ്റു വാങ്ങി. ഡോ. പി. എം ജി നമ്പീശൻ, പി. വി രാജേന്ദ്രൻ, കമ്പിൽ പി രാമചന്ദ്രൻ, എം.വി പത്മനാഭൻ, ഒ എം രാമകൃഷ്ണൻ, കൊളച്ചേരി കനകാംബരൻ തുടങ്ങിയവർ സംസാരിച്ചു.വി.വി ശ്രീനിവാസൻ സ്വാഗതവും ടി.വി. ഗിരിജ നന്ദിയും പറഞ്ഞു. സെപ്റ്റംബറിൽ കെ എസ് & എ സി സുവർണ ജൂബിലി സമാപനത്തിൽ ഞാൻ ഭാരതീയൻ നാടകം അരങ്ങേറും. ഡോ.സാംകുട്ടി പട്ടംകരിയാണ് സംവിധായകൻ.


Post a Comment