ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ടതോടെ ഗൾഫ് കറൻസികൾക്ക് മുന്നേറ്റം. വിനിമയ നിരക്കിൽ ഗൾഫ് കറൻസികൾ കുതിച്ചതോടെ നാട്ടിലേക്ക് പണം അയയ്ക്കാൻ പ്രവാസികൾക്ക് ഇത് മികച്ച സമയമാണ്. ഒരു ദിർഹത്തിന് ചരിത്രത്തിലാദ്യമായി 26 രൂപ 22 പൈസ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. കുവൈത്ത് ദിനാറിൻ്റെ വിനിമയ നിരക്കും ഉയർന്നു. ഒരു കുവൈത്തി ദിനാറിന് 312.9 രൂപയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ നിരക്ക്. തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപ റെക്കോഡ് താഴ്ച്‌ചയിൽ എത്തിയതോടെ വിനിമയ നിരക്കിൽ കുവൈത്ത് ദിനാർ കുതിച്ചുയർന്നു.
ഒരു കുവൈത്ത് ദിനാറിന് 311 രൂപക്ക് മുകളിലാണ് തിങ്കളാഴ്ച്‌ച രേഖപ്പെടുത്തിയത്. സൗദി റിയാലിന് 25.7 രൂപയാണ് നിരക്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഒരു ഒമാനി റിയാലിൻ്റെ മൂല്യം ചരിത്രത്തിലാദ്യമായി 250 ഇന്ത്യൻ രൂപ എന്ന റെക്കോർഡ് നിരക്കിൽ എത്തിയിരുന്നു. ഒരു ഖത്തരി റിയാലിന് 26.4 രൂപയെന്ന നിരക്കിലേക്ക് ഉയർന്നു. ബഹ്റൈൻ ദിനാറിൻ്റെ വിനിമയ നിരക്കിലും വൻ വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു ബഹ്റൈൻ ദിനാറിന് 255.7 രൂപയെന്നതാണ് നിരക്ക്. രാജ്യാന്തര വിപണിയിൽ ഒരു യുഎസ് ഡോളറിന് 96.29 പൈസ എന്ന നിരക്കിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ആഗോള വിപണിയിലെ ഡോളറിന്റെ കരുത്തും രാജ്യാന്തര തലത്തിലെ സംഘർഷങ്ങളെത്തുടർന്ന് അസംസ്കൃത എണ്ണവില വർധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.

Post a Comment