പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം, കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റ് മാര്‍ച്ച് ഏഴിന് രാവിലെ പത്തിന് രജിസ്ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ.സി വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡി.ഡി.ഇ ഓഫീസ് കോമ്പൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ജില്ലാതല ഫെസ്റ്റില്‍ ആദ്യഘട്ടത്തില്‍ ക്രിയറ്റീവ് കോര്‍ണറുകള്‍ അനുവദിച്ച 35 വിദ്യാലയങ്ങളില്‍ നിന്നായി 10 കുട്ടികള്‍ വീതം ഗവ. മെന്‍ ടി.ടി.ഐ ക്യാമ്പസില്‍ ഒരുക്കുന്ന ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റില്‍ മത്സരിക്കാനെത്തും. ക്രിയേറ്റീവ് കോര്‍ണറുകളില്‍ നിന്ന് ഒരുവര്‍ഷക്കാലമായി ആര്‍ജിച്ച നൈപുണികളും വിജ്ഞാനവുമായി കുട്ടികള്‍ നിര്‍മിച്ച വസ്തുക്കളുടെ പ്രദര്‍ശനവും തത്സമയ നിര്‍മാണവും മേളയിലുണ്ടാകും. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് നാലു വരെ പ്രദര്‍ശനം ഉണ്ടാകും.
വിവിധ വിഷയങ്ങളുടെ ക്ലാസ്റൂം പ്രവര്‍ത്തനങ്ങളോടൊപ്പം പ്രവര്‍ത്തി പഠനത്തെ സമന്വയിപ്പിച്ചുകൊണ്ട് പഠനത്തെ കൂടുതല്‍ പ്രവര്‍ത്തനാധിഷ്ഠിതവും സാമൂഹിക ബന്ധിതവും ക്രിയാത്മകമാക്കുകയുയാണ് ക്രിയേറ്റീവ് കോര്‍ണറിലൂടെ ലക്ഷ്യമിടുന്നത്. അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ തൊഴില്‍ നൈപുണി പരിചയപ്പെടുത്തുന്ന ഈ പദ്ധതി പഠനാന്തരീക്ഷത്തെ കൂടുതല്‍ പുതുമയുള്ളതാക്കി മാറ്റും. തെരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളില്‍ സ്ഥാപിക്കുന്ന ക്രിയേറ്റീവ് കോര്‍ണറുകള്‍ പ്രദേശത്തെ മറ്റ് പൊതു വിദ്യാലയങ്ങള്‍ക്കും പ്രയോജനപ്പെടുത്തുവാനുള്ള അവസരം കൂടിയുണ്ട്. പൊതു വിദ്യാഭ്യാസമേഖലയില്‍ അപ്പര്‍ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളെ ക്രിയാത്മകവും സര്‍ഗ്ഗാത്മകവുമാക്കുന്നതിനുള്ള അവസരമാണ് ഇവിടെ ലഭിക്കുന്നത്. സ്‌കൂളുകളിലെ പ്രവര്‍ത്തി പരിചയ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനം ഉണ്ടാക്കാന്‍ ക്രിയേറ്റീവ് കോര്‍ണറുകള്‍ക്ക് സാധിക്കും. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കുക്കിംഗ്, ഫാഷന്‍ ഡിസൈനിംഗ്, വുഡ് വര്‍ക്ക്, അഗ്രിക്കള്‍ച്ചര്‍, പ്ലംബിംഗ് തുടങ്ങിയിലാണ് പരിശീലനം നല്‍കി വരുന്നത്.
എസ് എസ് കെ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 600 യു.പി സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ 53 സ്‌കൂളിലാണ് ക്രിയേറ്റീവ് കോണറുകള്‍ ഒരുങ്ങിയത്. പഞ്ചായത്ത് പരിധിയിലെ ഒരു സ്‌കൂള്‍, കോര്‍പ്പറേഷന്‍ മുന്‍സിപ്പാലിറ്റി പരിധിയിലെ രണ്ടു സ്‌കൂള്‍ വീതമാണ് ക്രിയേറ്റീവ് കോര്‍ണറുകള്‍ അനുവദിക്കുന്നത്. സമഗ്രശിക്ഷാ കേരളം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പി.ആര്‍.ഡി ചേംബറില്‍ നടന്ന പത്രസമ്മേളനത്തില്‍ എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. രാജേഷ് കടന്നപ്പള്ളി, കെ.വി ദീപേഷ്, പി.കെ സബിത്ത് എന്നിവര്‍ പങ്കെടുത്തു.
Post a Comment