ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വളപട്ടണം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തങ്കൾവയലിൽ സ്ഥിതി ചെയ്യുന്ന ഹാരിസ് പി എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിനും മാലിന്യങ്ങൾ മറ്റൊരു വ്യക്തിയുടെ പറമ്പിൽ തള്ളിയതിന് അനൂപ് കുമാർ എന്നവർക്കും പിഴ ചുമത്തി. ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ ക്വാർട്ടേസിന്റെ പുറക് വശത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതായും മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി. ക്വാർട്ടേഴ്‌സിന് 5000 രൂപ പിഴയിട്ടു. ക്വാർട്ടേസിന് സമീപത്തായി തന്നെ മറ്റൊരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വീട്ടിൽ നിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ജൈവ - അജൈവ മാലിന്യങ്ങൾ തള്ളിയതിന് സമീപ വാസിയായ അനൂപ് കുമാർ എന്നവർക്ക് 2500 രൂപ പിഴയിടുകയും ചെയ്തു. തങ്കൾവയലിലൂടെ ഒഴുകുന്ന പൊതു ചാലിൽ മലിനജലം കെട്ടി കിടക്കുന്നത് കണ്ടെത്തിയതിനെ തുടർന്നു പലയിടങ്ങളിലും സ്ലാബ് ഇട്ട് പൊതു ചാൽ മൂടിയതിനാൽ മലിന ജലത്തിന്റെ ഉറവിടം കണ്ടെത്തി തുടർ നടപടികൾ സ്വീർകരിക്കാനുള്ള നിർദേശവും സ്‌ക്വാഡ് വളപട്ടണം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, വളപട്ടണം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സനോജ് ടി കെ, വളപട്ടണം പി എച്ച് സി ഹെൽത്ത് ഇൻസ്‌പെക്ടർ ജിനേഷ് പി തുടങ്ങിയവർ പങ്കെടുത്തു.


Post a Comment