Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മതമൈത്രി സന്ദേശവുമായി ഉറൂസ് ചെമ്പിലെ അരിയിടല്‍ കര്‍മത്തിന് അമ്പത് വര്‍ഷമായി സോമന്‍ നമ്പ്യാര്‍

മതമൈത്രി സന്ദേശവുമായി ഉറൂസ് ചെമ്പിലെ അരിയിടല്‍ കര്‍മത്തിന് അമ്പത് വര്‍ഷമായി സോമന്‍ നമ്പ്യാര്‍


മയ്യില്‍: മതമൈത്രി സന്ദേശം പകരുന്ന മഖാം ഉറൂസിന്റെ ഉത്സവനാളുകളിലെത്തുന്നവര്‍ക്കുള്ള ഊട്ടിന് നൂറ്റാണ്ടുകളായുള്ള അരിയിടല്‍ ആചാരം തെറ്റിക്കാതെ മുല്ലക്കൊടിയിലെ കോയാടന്‍ ചോയിക്കുനിമ്മല്‍ തറവാട്. നാല് ദിനങ്ങളിലായുള്ള മുല്ലക്കൊടി ആയാര്‍ മുനമ്പ് പള്ളി മഖാം ഉറൂസിന്റെ നേര്‍ച്ച ചെമ്പില്‍ അരിയിടല്‍ ചടങ്ങിന് തറവാടിലെ  പ്രതിനിധിയായ കെ.സി. സോമന്‍ നമ്പ്യാര്‍ ഇക്കുറി പൂര്‍ത്തിയാക്കിയത് അമ്പത് വര്‍ഷം. രണ്ട് ദിവസങ്ങളിലായി ഏകദേശം നാല്‍പതിനായിരത്തോളം പേരാണ് ഇവിടുത്തെ പ്രസാദ അന്നം തിന്ന് മടങ്ങുക.വര്‍ഷങ്ങളായി കാസര്‍ക്കോട് കാദറാണ് പച്ചക്കറി ബിരിയാണുയുള്‍പ്പെടെയുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നത്. ഇതിനായുള്ള അരിയും പലഹാരങ്ങളും വിവിധ ദേശങ്ങളില്‍ നിന്നെത്തിക്കുമെങ്കിലും കെ.സി. തറവാട്ടിലുള്ളവര്‍ക്കാണ് വര്‍ഷങ്ങളായി അരിയിടല്‍ ചടങ്ങ് നടത്തുക.സാംസ്‌കാരിക പരിപാടികളും മറ്റുമായി വിവിധ മതങ്ങളിലുള്ളവരുടെ സംഗമ ഭൂമിയായി മാറുകയാണ് മുല്ലക്കൊടി. പള്ളിക്കു സമീപത്തായി ചെമ്പുമായെത്തി ഭക്ഷണം വെച്ച് വിളമ്പാന്‍ നേര്‍ച്ചയായെത്തുവരും ഏറെയുണ്ട്.നേരത്തേ വളപട്ടണം പുഴയുടെ ഇരുകരകളിലുമുള്ള നണിയൂര്‍, കുറുമാത്തൂര്‍,  കോറളായി,  തേറളായി,  നമ്പ്രം, കോടല്ലൂര്‍ ദേശക്കാരായിരുന്നു ഉറൂസ് നടത്തി വന്നിരുന്നത്. കെ.മുസ്തഫ പ്രസിഡന്റും പി.കെ.ഷെറീഫ് സെക്രട്ടരിയും സി.കെ. മുഹമ്മദ് കുഞ്ഞി വൈസ് പ്രസിഡന്റുമായ കമ്മിറ്റിയാണ് വര്‍ഷങ്ങളായി ഉറൂസ് നടത്തുന്നത്. മറ്റു പള്ളികളിലൊന്നുമില്ലാത്ത നേര്‍ച്ച ചെമ്പില്‍ അരിയിടല്‍ ചടങ്ങ് മുല്ലക്കൊടിയില്‍ മാത്രമാണുള്ളതെന്ന് മഹല്ല് ഖത്തീബ് മുഹമ്മദ് ദാരിമി പറഞ്ഞു. ഉരൂസിന്‍രെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ജൗഫര്‍ തങ്ങളാണ് നിര്‍വഹിച്ചത്.
ഉറൂസ്  ഇന്ന് സമാപിക്കും.

 നാല് ദിവസങ്ങളിലായി നടക്കുന്ന ഉറൂസിന്റെ സമാപനം തിങ്കളാഴ്ച നടക്കും.രാത്രി ഏഴിന് സൂഫീഖവാലിയുടെ നേതൃത്വത്തിലുള്ള കൂട്ട പ്രാര്‍ഥനക്കായി ആയിരങ്ങള്‍ പങ്കെടുക്കും.  ബൂസൂരി ഫൗണ്ടേഷന്‍ സംഘത്തിന്റെ കൂട്ടപ്രാര്‍ഥനയും  ഉണ്ടാകും.

0/Post a Comment/Comments