കണ്ണൂർ: ആടിയും പാടിയും അവരെത്തിയത് കൂട്ടുകാരിയായ വൈഖരി സാവന്റെ കൃഷിത്തോട്ടം കാണാൻ .അവരെ വരവേറ്റത് പല തരം പച്ചക്കറികൾ വിളഞ്ഞു നിൽക്കുന്ന മട്ടുപ്പാവിലെ കായ്കറി തോട്ടം.
വൈഖരിയെന്ന പൊന്നാമ്പല യുടെ കൃഷി ഡയറി വായിച്ചാണ് മൂത്തേടത്ത് ഹൈസ്കൂളിലെ സഹപാഠികൾ കുട്ടിക്കർഷകയുടെ വീട്ടിലെത്തിയത്.
നാടൻപാട്ട് കലാകാരൻ റംഷി പട്ടുവവും പവനാസും ഒപ്പമെത്തിയതോടെ പച്ചക്കറിത്തോട്ടത്തിൽ പാട്ടും മേളവുമായി.
അധ്യാപകരും പഞ്ചായത്ത് അധ്യക്ഷനും കൃഷി ഓഫീസറും ചേർന്നപ്പോൾ കുരുന്നുകളുടെ ഉള്ളിൽ തുറന്നത് കൃഷിയറിവുകളുടെ ശേഖരം.
ചട്ടിയിലും ഗ്രോബാഗിലുമായി പലതരം പച്ചക്കറിച്ചെടികളാണ് പൊന്നാമ്പല എന്ന വൈഖരി സാവൻ പരിപാലിക്കുന്നത്.
തക്കാളി, വെണ്ട, വിവിധയിനം ചീരകൾ, വ്യത്യസ്ത പച്ചമുളകുകൾ, കാന്താരി, പടവലം, പാവൽ, കുമ്പളം, വെളരി, തണ്ണി മത്തൻ, ക്യാബേജ്, കോളി ഫ്ലവർ, വഴുതിന, ക്യാരറ്റ്, ഉള്ളി, ഉരുളക്കിഴങ്ങ്, നിലക്കടല എന്നിങ്ങനെ വിവിധ വിളകളും ആണ് ജൈവ രീതിയിൽ പരിപാലിക്കുന്നത്. കണ്ണൂരിലെ
കൃഷി ദീപം കാർഷിക സൊസൈറ്റിയാണ് ആവശ്യമായ പച്ചക്കറിതൈകൾ വീട്ടിലെത്തിച്ചു നൽകുന്നത്. വീട്ടിലേക്ക് ആവശ്യത്തിലധികം പച്ചക്കറികളാണ് ഈ കുട്ടിക്കർഷക നട്ടുനനച്ചുണ്ടാക്കുന്നത്. സ്കൂളിൽ പോകുന്നതിന് മുമ്പും വൈകുന്നേരവുമാണ് കൃഷിപ്പണി.
കണ്ണൂർ അഥീന ഫോക്ക് മെഗാഷോയിലെ നാടൻപാട്ട് കലാകാരിയായ വൈഖരിക്ക് അച്ഛമ്മ കെ.കെ.ശാരദയിൽ നിന്നാണ് കൃഷിക്കമ്പം കിട്ടിയത്. അവർക്കൊപ്പം നെൽകൃഷിയിൽ സഹായിച്ചാണ് ഈ കുരുന്ന് മണ്ണിലിറങ്ങിയത്.
2025 ലെ മികച്ച കുട്ടിക്കർഷകക്കുള്ള അവാർഡും ടാഫ്കോസ് സൊസൈറ്റിയുടെ ആദരം, കൃഷി ദീപം സൊസൈറ്റിയുടെ അടുക്കളത്തോട്ടമത്സരത്തിൽ രണ്ടാം സ്ഥാനം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ച വൈഖരിക്ക് നാടൻ കലാ മേഖലയിലെ മികവിന് ഏഴോളം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി "ഫീൽഡ് ട്രിപ്പ് " ആയാണ് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂൾ അഞ്ചാം തരം സി യിലെ സഹപാഠികളും അധ്യാപകരും വൈഖരിയുടെ മയ്യിൽ ഒറപ്പടിയിലെ വീട്ടിലെത്തിയത്.
മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.സി.വിനോദ്കുമാർ കുട്ടികളുമായി സംവദിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ടി.കെ.ബാലകൃഷ്ണൻ, പി.പി.ശ്രീജ, ഗ്രാമ പഞ്ചായത്ത് അംഗം ജിനീഷ് ചാപ്പാടി, കൃഷി ഓഫീസർ കെസിയ ചെറിയാൻ, അസിസ്റ്റൻറ് കൃഷി ഓഫീസർ എ അശോക് കുമാർ, സ്കൂൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എ വി സത്യഭാമ, ക്ലാസ് ടീച്ചർ പി.വി. ബീന തുടങ്ങിയവർ സംസാരിച്ചു. വിളവെടുത്ത പച്ചക്കറികൾ സ്കൂളിലെ അടുക്കളയിലേക്ക് ഹെഡ്മാസ്റ്റർ പി.കെ. രത്നാകരൻ സ്വീകരിച്ചു.


Post a Comment