Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അമൃത് ഭാരത് നിരാശപ്പെടുത്തി; സമയക്രമത്തിലും സ്റ്റോപ്പിലും യാത്രക്കാര്‍ക്ക്‌ വ്യാപക അതൃപ്തി

അമൃത് ഭാരത് നിരാശപ്പെടുത്തി; സമയക്രമത്തിലും സ്റ്റോപ്പിലും യാത്രക്കാര്‍ക്ക്‌ വ്യാപക അതൃപ്തി

കോട്ടയം: കേരളത്തിന് അനുവദിച്ച അമൃത് ഭാരത്‌ സർവീസുകൾ നിലവിലെ യാത്രാക്ലേശത്തിന് ഒരു വിധത്തിലും പരിഹാരമാകുന്നില്ലെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആരോപിച്ചു. 16329 മംഗലാപുരം അമൃത് ഭാരത്‌ നാഗർകോവിലിൽ നിന്ന് മംഗലാപുരമെത്താൻ 17 മണിക്കൂർ സമയമാണ് നൽകിയിരിക്കുന്നത്. കന്യാകുമാരിയിൽ നിന്ന് 54 സ്റ്റോപ്പുകളുള്ള 16650 പരശുറാമിനും മംഗലാപുരമെത്താൻ 17 മണിക്കൂറാണ് റെയിൽവേ നൽകിയിരിക്കുന്നത്. ഇതിൽ വൈകുന്നേരം ഒരു മണിക്കൂറോളം പരശുറാം കോഴിക്കോട് ഹാൾട്ട് ചെയ്യുന്നുമുണ്ട്. അതിനേക്കാൾ വലിയ ദുരന്തമായിട്ടാണ് പുതിയ അമൃത് ഭാരത്‌ കേരളത്തിന് സമ്മാനിച്ചിരിക്കുന്നത്.

എന്നാൽ മടക്കയാത്രയിൽ രാവിലെ 08.00 ന് മംഗലാപുരത്ത് പുറപ്പെട്ട് 14 മണിക്കൂർ കൊണ്ട് രാത്രി 10.05 ന് നാഗർ കോവിൽ എത്തും. രാവിലെ ഏറനാടിന്റെ പിറകെ അമൃത് ഭാരത് എല്ലാ സ്റ്റേഷനിലും മുട്ടിയുരുമ്മി പോകുമ്പോൾ മണിക്കൂറുകളോളം ട്രെയിൻ ഇല്ലാതെ വിലപിക്കുന്ന മലബാർ മേഖലയിലെ യാത്രക്കാർക്ക് എങ്ങനെയാണ് പുതിയ സർവീസ് ആശ്വാസമാകുന്നത്. സ്ലീപ്പർ കോച്ചുകളുള്ള ട്രെയിൻ പകൽ സമയം മാത്രം സർവീസ് നടത്തുന്നതും മറ്റൊരു വിരോധാഭാസമാണ്. അനാവശ്യ ബഫർ സമയം നൽകിയിരിക്കുന്നതിനാൽ സ്റ്റേഷൻ ഔട്ടറുകളിൽ നട്ടുച്ചയ്‌ക്ക് ഇരുമ്പുഗോളങ്ങളിൽ അമൃത് ഭാരത് യാത്രക്കാരെ പുഴുങ്ങും.

19 സ്റ്റോപ്പുകൾ മാത്രമാണ് പുതിയ സർവീസിന് അനുവദിച്ചിരിക്കുന്നത്. സാധാരണ യാത്രക്കാർക്ക് മാത്രമായി വിഭാവനം ചെയ്ത AC കോച്ചുകളില്ലാത്ത സർവീസിന് ഏറ്റുമാനൂർ, പിറവം തൃപ്പൂണിത്തുറ, അങ്കമാലി, ചാലക്കുടി, ഇരിഞ്ഞാലക്കുട, വടക്കാഞ്ചേരി, കുറ്റിപ്പുറം., താനൂർ, പരപ്പനങ്ങാടി, ഫെറോക്, കൊയിലാണ്ടി, വടകര, പയ്യന്നൂർ, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. സമയലാഭം ഇല്ലെങ്കിൽ കൂടുതൽ യാത്രക്കാർക്ക് സർവീസ് പ്രയോജനപ്പെടുത്താൻ സ്റ്റോപ്പുകൾ നിമിത്തമാകണം .

അമൃത് ഭാരത്‌ സ്റ്റേഷനുകൾ ക്യാറ്റഗറിയിൽ ഉൾപ്പെടുത്തി യാത്രാസൗകര്യം മെച്ചപ്പെടുത്താൻ കോടികൾ മുടക്കി വിപുലീകരിച്ച സ്റ്റേഷനുകളെ പോലും പുതിയ അമൃത് ഭാരത്‌ സർവീസുകളിൽ നിന്നും തഴയപ്പെട്ടതും വളരെ ഖേദകരമാണ്.. മംഗലാപുരത്ത് നിന്ന് വൈകുന്നേരം 06.45 നുള്ള മലബാർ എക്സ്പ്രസ്സിന് ശേഷം തിരുവനന്തപുരത്തേയ്ക്കുള്ള പ്രതിദിന സർവീസുള്ളത് പിറ്റേന്ന് പുലർച്ചെ 05.00 ന് മാത്രമാണ്.

അന്ത്യോദയ പോലുള്ള ബൈവീക്കിലി, വീക്കിലി സർവീസ് മാത്രാണ് ഈ നീണ്ട ഇടവേളകളിൽ സർവീസ് നടത്തുന്നത്. രാത്രികാല സർവീസുകൾക്ക് അതിദാരിദ്ര്യം അനുഭവിക്കുന്ന മലബാറിലെ ജനത ഒരുപാട് ആശിച്ച് മോഹിച്ച് കിട്ടിയ അമൃത് ഭാരതും അക്ഷരാർത്ഥത്തിൽ നിരാശപ്പെടുത്തിയിരിക്കുകയാണ്. ബൈ വീക്കിലി ആയി പോലും പരിഗണിക്കാതിരുന്നതും യാത്രക്കാരിൽ പരിഭവമുണ്ടാക്കി.

തിരുവനന്തപുരം – താംബരം, തിരുവനന്തപുരം നോർത്ത് ഹൈദരബാദ് (ചർലപ്പള്ളി) സർവീസിലും സ്ഥിതി വിഭിന്നമല്ല. ബഫർ സമയം വളരെ കൂടുതലാണ് നൽകിയിരിക്കുന്നത്.ജനുവരി 23 ന് പ്രധാനമന്ത്രി കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെയും ഫ്ലാഗ് ഓഫ് നിർവഹിക്കും. ഉദ്ഘാടനയാത്രയ്‌ക്കുള്ള പ്രത്യേക സമയക്രമവും റെയിൽവേ പുറത്തിറക്കിയിട്ടുണ്ട്.

0/Post a Comment/Comments