Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി എൻഡോസൾഫാൻ ബാധിത മേഖലയിൽ നിന്നും കിരൺരാജ്

ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി എൻഡോസൾഫാൻ ബാധിത മേഖലയിൽ നിന്നും കിരൺരാജ്

കാസർകോട്ടെ എൻഡോസൾഫാൻ ബാധിത മേഖലയിൽ നിന്നുള്ള പി കിരൺരാജിന്റെ വിരൽത്തുമ്പിൽ വിരിയുന്നത് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ.
പോർട്രെയ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, നടന്മാരായ ഫഹദ് ഫാസിൽ, ഇന്ദ്രൻസ്, ഗായിക വിജയലക്ഷ്മി എന്നിവരൊക്കെ കിരൺ രാജിന്റെ ഡിജിറ്റൽ ആർട്ടിൽ മിഴിവാർന്ന് പുഞ്ചിരിക്കുന്നു. അക്രലിക് മീഡിയത്തിൽ തെയ്യവും പരമശിവനും മറ്റ് ദേവീദേവന്മാരെയുമാണ് കടുംനിറങ്ങളുടെ ചായക്കൂട്ടിൽ വരച്ചിട്ടുള്ളത്.
എൻഡോസൾഫാൻ മൂലം സെറിബ്രൽ പാൾസി ബാധിച്ച 29-കാരനായ കാസർകോട്, മുളിയാർ, മല്ലം പുഞ്ചൻകോട്ടെ സ്വദേശി കിരൺരാജ് വരച്ച ചിത്രങ്ങൾ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ഭിന്നശേഷിക്കാരുടെ 'സവിശേഷ കാർണിവൽ ഓഫ് ഡിഫറന്റ്' കലാമേളയുടെ എക്സിബിഷനിലാണ് 'കിരൺസ് കോർണർ' എന്ന് പേരിട്ട സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്.
കാസർകോട് ഗവ. കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും  ഡാറ്റ എൻട്രി കോഴ്‌സും പൂർത്തിയാക്കിയ കിരൺരാജ് കുഞ്ഞുനാളിലേ നന്നായി വരയ്ക്കുമായിരുന്നെന്ന് സഹോദരി പി കാവ്യ പറയുന്നു. 'ഇപ്പോൾ നാട്ടുകാരും പരിചയക്കാരും ആവശ്യപ്പെടുന്നതനുസരിച്ചു അവരുടെ പോർട്രെയ്റ്റ് ഡിജിറ്റൽ ആർട്ടായി വരച്ചു നൽകാറുണ്ട്. പക്ഷെ, വരയിൽ നിന്നും ഒരു സ്ഥിരവരുമാനം കിട്ടി തുടങ്ങിയിട്ടില്ല,'കാവ്യ പറഞ്ഞു.
തിരുവനന്തപുരത്തേത് കിരണിന്റെ ആദ്യ പ്രദർശനവും വിൽപ്പനയുമാണ്. എൻഡോസൾഫാൻ പട്ടികയിൽ ഉള്ള വ്യക്തിയെന്ന നിലയിൽ പ്രതിമാസം 2000 രൂപ സർക്കാരിന്റെ പെൻഷൻ കിട്ടുന്നതാണ് ഏക സ്ഥിരവരുമാനം. അച്ഛൻ ദാമോദരന് കൃഷിപ്പണിയാണ്. അമ്മ രേവതി. കിരണിന് താഴെ കാവ്യ ഉൾപ്പെടെ രണ്ട് സഹോദരിമാർ ഉണ്ട്.
പരിമിതികളെ തോൽപ്പിച്ചു പഠനത്തിൽ മുന്നേറിയ കിരൺരാജ് ചിത്രം വരയിൽ നിന്ന് സ്ഥിരമായ ഒരു വരുമാനം നേടി സ്വന്തം കാലിൽ നിൽക്കാനാണ് പരിശ്രമിക്കുന്നത്. പി എസ് സി പരീക്ഷയ്ക്ക് സ്വന്തം നിലയിൽ തയ്യാറെടുപ്പും നടത്തിവരുന്നു. കിരണിന്റെ ചിത്രങ്ങൾ @KIRAN_RAJ_P എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്ന് വാങ്ങാം. മൂന്ന് ദിവസത്തെ കലാമേള ബുധനാഴ്ച്ച സമാപിക്കും.

0/Post a Comment/Comments