കണ്ണൂർ അടിമുടി ദുരൂഹത നിറഞ്ഞ എസ്ഐആർ നടപടിയിൽ പ്രതിഷേധിച്ച് ഫെബ്രുവരി രണ്ടിന് എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഇലക്ഷൻ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. കാലത്ത് 10 മണിക്ക് സ്റ്റേഡിയം കോർണറിൽ കേന്ദ്രീകരിച്ച് മാർച്ച് ആരംഭിക്കും. സമഗ്രവോട്ടർ പട്ടിക പരിഷ്കരണ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകൾ പട്ടികയിൽ നിന്ന് പുറത്തുപോകുമെന്ന വാർത്തകളാണ് വരുന്നത്. പുതുതായി പേരുകൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചും വ്യാപക പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിലെ ആളുകളടക്കം പട്ടികയിൽ കടന്നുവരുന്ന സ്ഥിതിയുണ്ട്.
ഫെബ്രുവരി 21ന് പട്ടിക പ്രസിദ്ധീകരിച്ചാൽ ഒട്ടേറെ അപാകതകൾ ഉണ്ടാകാനാണ് സാധ്യത. അതിനാൽ ഫെബ്രുവരി 21ന് ശേഷം രണ്ടാഴ്ചയെങ്കിലും അപാകതകൾ പരിഹരിക്കുന്നതിന് സമയം അനുവദിക്കണം. ബിഎൽഒമാർ അറിയാതെ തന്നെ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുത്. ഇത്തരം കാര്യങ്ങൾ ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് എൽഡിഎഫ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ബഹുജന മാർച്ചിൽ അണിചേരാനും വിജയിപ്പിക്കാനും എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ മുഴുവൻ ബഹുജനങ്ങളോടും അഭ്യർത്ഥിച്ചു.

Post a Comment