ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നടുവിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ കരുവാഞ്ചാൽ ടൗണിൽ കട്ടക്കൽ കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന ക്വാട്ടേഴ്‌സിനു അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 10000 രൂപ പിഴ ചുമത്തി. അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാട്ടേഴ്‌സിൽ നിന്നും മാലിന്യങ്ങൾ വലിയ തോതിൽ പുറത്തേക്ക് വലിച്ചെറിഞ്ഞതിനും മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറാത്തതിനുമാണ് പിഴയിട്ടത്.
മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ കെട്ടി വലിയ തോതിൽ പരിസര പ്രദേശത്ത് വലിച്ചെറിഞ്ഞ നിലയിലാണ് പരിശോധനയിൽ കണ്ടെത്തിയത്. സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ക്വാട്ടേഴ്‌സ് ഉടമയെ സംഭവ സ്ഥലത്ത് വിളിച്ചു വരുത്തി മാലിന്യങ്ങൾ ഉടൻ തന്നെ എടുത്തു നീക്കാനുള്ള നിർദേശവും സ്‌ക്വാഡ് നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, നടുവിൽ ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് ഷൈനി എം. ജെ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment