നാറാത്ത്: 15 വർഷമായി ഇടതുപക്ഷ ഭരണത്തിലായിരുന്ന നാറാത്ത് ഗ്രാമപഞ്ചായത്ത് ചില വാർഡുകളിൽ നേരിയ വോട്ട് വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്.
ഈ പരാജയത്തെ കുറിച്ച് വിവിധ രാഷ്ട്രീയ കക്ഷികൾ നടത്തിയ പ്രസ്താവനകൾ വളരെ ബാലിശമാണ്.
ലീഗ് നേതാവിന്റെ പ്രസ്താവനയിൽ പറയുന്നത്, CPM ഉം SDPI യും തമ്മിൽ അവിശുദ്ധമായ കൂട്ടുകെട്ട് ഉണ്ടാക്കിയെന്നാണ്, അതുപോലെ പ്രസിഡണ്ട് സ്ഥാനത്ത് മുസ്ലിം വരും എന്ന് വർഗീയ പ്രചരണം നടത്തി എന്നും ആണ്. എല്ലാ വർഗീയതയെയും ശക്തമായി എതിർക്കുക എന്ന സമീപനം തന്നെയാണ് എൽഡിഎഫ് സ്വീകരിച്ചു പോന്നിട്ടുള്ളത്. പഞ്ചായത്തിൽ മുസ്ലിം പ്രസിഡണ്ട് വരും എന്ന് പറഞ്ഞ് വർഗീയത നടത്തിയെന്ന് പറയുന്നത് ശരിയല്ല.
2010 ൽ LDF ന്റെ പഞ്ചായത്ത് പ്രസിഡൻറ് സഖാവ് കെ വി മേമിയായിരുന്നു. CPMനെതിരെ ആഞ്ഞടിച്ചു എന്ന് പറയുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം, യുഡിഎഫിന് ഭരണമില്ലാത്ത കഴിഞ്ഞ തവണ ലീഗിൻ്റെ നേതാവ് ആഞ്ഞടിച്ചത് കൊണ്ട് ഒരു ലീഗ് മെമ്പറുടെ കുടുംബമാണ് തകർന്നത്. ഭരണം കിട്ടിയ ഇത്തവണ കൂടുതൽ തകരാതെ നോക്കേണ്ടതും നാട്ടുകാരുടെ ബാധ്യതയാകും.
പഞ്ചായത്തിലെ വോട്ടുനില പരിശോധിച്ചാൽ രണ്ടാം വാർഡ് ഒഴികെ മറ്റു എല്ലാ വാർഡുകളിലും ബിജെപിയുടെ വാർഡ് സ്ഥാനാർത്ഥികൾക്ക് കിട്ടിയ വോട്ട് വളരെ കുറവാണ്. എന്തെന്നാൽ ബിജെപിയുടെ വോട്ട് വളരെ കൃത്യമായി വാർഡിൽ യുഡിഎഫിന് നൽകണമെന്ന് കരാർ ഉണ്ടാക്കിയിട്ടുണ്ട്. രണ്ടാം വാർഡിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് യുഡിഎഫിനോടും കരാർ ഉണ്ടാക്കിയിട്ടുണ്ട്. വോട്ടിങ്ങ് പാറ്റേൺ പരിശോധിച്ചാൽ ഇത് വളരെ വ്യക്തമായി ബോധ്യമാകും.
വോട്ട് മറിക്കൽ ബിജെപി യും യുഡിഎഫും എല്ലായിടത്തും നടത്താറുണ്ട് എന്നുള്ളത് നാറാത്ത് പഞ്ചായത്തിൽ ഇത്തവണ യാഥാർത്ഥ്യമായി.
വോട്ട് മറിക്കൽ മാത്രമല്ല,അമിതമായി പണമൊഴുക്കി വാർഡുകളിൽ ജനങ്ങളെ വിലക്കെടുക്കുന്ന സമീപനവും നാറാത്ത് പഞ്ചായത്തിൽ കാണാനിടയായി. അറിഞ്ഞിടത്തോളം ഒരു കോടി രൂപയോളം കോൺഗ്രസിന്റെ പ്രവാസിയായ പ്രവർത്തകൻ വാർഡ് - 2, 3, 4, 7, 8, 9, 10, 11, 16 എന്നിവിടങ്ങളിൽ വ്യാപകമായി പണം കൊടുത്തിട്ടുണ്ട്.
വിദേശത്തുനിന്ന് ആൾക്കാർക്ക് വരാനും പോകാനും ഉള്ള ടിക്കറ്റ്, നാട്ടിലെ പല കുടുംബങ്ങൾക്കും അവരുടെ താൽക്കാലിക ബാധ്യത തീർക്കാൻ പണം കൊടുക്കൽ, ചില വാർഡുകളിൽ സ്ഥാനാർത്ഥിയെ തന്നെ വിലക്കെടുക്കൽ, എന്നിവയെല്ലാം നടന്നു എന്നാണ് ഇപ്പോൾ വ്യക്തമായിട്ടുള്ളത്.
ഉത്തരേന്ത്യയിലെല്ലാം കണ്ടുവരുന്ന പണാധിപത്യം നമ്മുടെ നാട്ടിലും കൊണ്ടുവരാൻ UDFന്, പ്രത്യേകിച്ച് കോൺഗ്രസിന് സാധിച്ചിരിക്കുന്നു. ജനക്ഷേമകരമായ ഒട്ടേറെ നടപടികൾ നമുക്ക് നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്, അത്തരത്തിൽ വികസനത്തെയും ക്ഷേമത്തെയും കുറിച്ച് സംസാരിച്ചാണ് നമ്മൾ വോട്ട് അഭ്യർത്ഥിച്ചിട്ടുള്ളത്.
എന്നാൽ യു ഡി എഫ് സ്വീകരിച്ച സമീപനം തീർത്തും ജനാധിപത്യ വിരുദ്ധമാണ്. ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി വോട്ട് മറിച്ചും, പണം ഒഴുക്കിയും നേടിയിട്ടുള്ള വിജയം വികസിത കേരളത്തിന് ഭൂഷണമല്ല.

Post a Comment