Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പ്രചാരണത്തിൽ വസ്‌തുതയില്ല, എൽഡിഎഫിന്‌ എട്ടുമണ്ഡലങ്ങളിലും ഭൂരിപക്ഷം: കെ കെ രാഗേഷ്‌

പ്രചാരണത്തിൽ വസ്‌തുതയില്ല, എൽഡിഎഫിന്‌ എട്ടുമണ്ഡലങ്ങളിലും ഭൂരിപക്ഷം: കെ കെ രാഗേഷ്‌

കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു പ്രമുഖമാധ്യമം യുഡിഎഫിന്‌ കൂടുതൽ മണ്ഡലങ്ങൾ പതിച്ചുകൊടുത്തത്‌ വോട്ട്‌ കണക്കിലെ വസ്‌തുത അറിയാതെയാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസമാണ്‌ കണ്ണൂർ ജില്ലയെ സംബന്ധിച്ച് കേരളത്തിലെ ഒരു പ്രമുഖ മാധ്യമം വസ്തുതാവിരുദ്ധമായ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചത്‌.

11 നിയമസഭാ മണ്ഡലങ്ങളിൽ ആറിടങ്ങളിൽ മാത്രമാണ് എൽഡിഎഫിന് ഭൂരിപക്ഷം എന്നായിരുന്നു അവരുടെ അവകാശവാദം. എന്നാൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ മൂന്ന് തലങ്ങളിലെ വോട്ടുകൾ വിശദമായി പരിശോധിക്കുമ്പോൾ എട്ട് നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷത്തിനാണ് വ്യക്തമായ ഭൂരിപക്ഷം ഉള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിലും കണ്ണൂർ ജില്ലയിൽ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാൽ തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, അന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷമില്ലാതിരുന്ന കണ്ണൂർ നിയമസഭാ മണ്ഡലത്തിലും എൽഡിഎഫിന് വിജയം നേടാനായി. 2020- ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങൾ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. അതിൽ തന്നെ പേരാവൂർ മണ്ഡലം നിസാര വോട്ടുകൾക്കാണ്‌ എൽഡിഎഫിന് നഷ്ടമായത്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോൾ, കണ്ണൂർ ജില്ലയിൽ ഇടതുപക്ഷത്തിന് ജയിക്കാൻ സാധിക്കാത്ത ഒരു നിയമസഭാ മണ്ഡലവുമില്ല എന്നതാണ് വസ്തുത. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ സീറ്റുകളും പിടിച്ചെടുക്കാൻ ഇടതുപക്ഷത്തിന് കഴിയുമെന്നതിന്റെ സൂചനയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്‌ ഫലം. സർക്കാർ നടത്തിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ ചർച്ചയാക്കുന്നതിനുപകരം, ചില കേന്ദ്രങ്ങൾ വിവാദങ്ങളും നുണപ്രചരണങ്ങളും മുൻനിർത്തിയ രാഷ്ട്രീയമാണ് നടത്തിയത്. ആർഎസ്എസിന് സ്വാധീനമുള്ള ചില പ്രദേശങ്ങളിലും മുസ്ലീം ലീഗ് ശക്തമായ കേന്ദ്രങ്ങളിലും വർഗീയ ധ്രുവീകരണ ശ്രമങ്ങൾ നടന്നു. ഇടതുപക്ഷത്തെ തോൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യുഡിഎഫ്–ബിജെപി “കോലീബി സഖ്യം” ചില സ്ഥലങ്ങളിൽ പരസ്യമായിതന്നെ പ്രവർത്തിച്ചു. കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിൽ ആറ് വാർഡുകളിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ ചില വാർഡുകളിൽ യുഡിഎഫ് വോട്ട് ബിജെപിക്കുമായി, ചില വാർഡുകളിൽ ബിജെപി വോട്ട് യുഡിഎഫിനുമായി മാറിയതായി നാട്ടുകാർ തന്നെ പറയുന്നു. ലീഗ്–കോൺഗ്രസ് നേതാക്കൾ വീടുകൾ കയറി വോട്ട് പിടിച്ചുവെന്നതും പരസ്യമാണ്‌. ഒരു ഭാഗത്ത് വർഗീയ പ്രചരണവും മറുഭാഗത്ത് അവിശുദ്ധ വോട്ട് കൈമാറ്റ സഖ്യവും അതോടൊപ്പം നെറികെട്ട നുണപ്രചരണങ്ങളുമാണ്‌ ഉണ്ടായത്‌. ഇതെല്ലാം നേരിട്ടാണ് കണ്ണൂർ ജില്ലയിൽ ഇടതുപക്ഷം തലയുയർത്തി നിൽക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ ചില നഷ്ടങ്ങൾ ഉണ്ടായെങ്കിലും, നിരവധി ഗ്രാമപഞ്ചായത്തുകൾ തിരിച്ചുപിടിക്കാനും ചില ബ്ലോക്ക് പഞ്ചായത്തുകളിൽ പരാജയങ്ങൾ മറികടക്കാനും ജില്ലാ പഞ്ചായത്തിൽ ഉജ്ജ്വല വിജയം നേടാനും എൽഡിഎഫിന് കഴിഞ്ഞു. മുനിസിപ്പാലിറ്റികളിൽ എട്ടിൽ അഞ്ചിടത്തും ഇടതുപക്ഷത്തിനാണ് ഭരണം.

കണ്ണൂർ കോർപറേഷനിൽ എൽഡിഎഫിന്റെ വിജയത്തിന്‌ തടസ്സമായത്‌ യുഡിഎഫിന്‌ അനുകൂലമായ വാർഡ്‌ വിഭജനമാണ്‌. നിരവധി ഡിവിഷനുകളിൽ എൽഡിഎഫ്‌ തോറ്റത്‌ നിസാര വോട്ടിനാണ്‌. കഴിഞ്ഞതെരഞ്ഞെടുപ്പിനേക്കാൾ ഏഴായിരം വോട്ടുകൾ എൽഡിഎഫിന്‌ കൂടിയെന്നതും എൽഡിഎഫിന്റെ സ്വീകാര്യതയ്‌ക്കു തെളിവാണ്‌.

ഇ‍ൗ വസ്‌തുതകളും കൃത്യമായ കണക്കുകളും കാണാതെയാണ്‌ മാധ്യമങ്ങൾ പ്രചാരണം നടത്തുന്നത്‌. ജില്ലയിലെ ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പം നിൽക്കുമെന്നതിന്റെ കൃത്യമായ സൂചനയാണ്‌ ‍ഇ‍ൗ തെരഞ്ഞെടുപ്പ്‌ ഫലമെന്നും കെ കെ രാഗേഷ്‌ പറഞ്ഞു.

0/Post a Comment/Comments