ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ എട്ടേയാറിൽ പ്രവർത്തിച്ചു വരുന്ന ഡോൾഫിൻ റെസ്റ്റോറന്റ്, മയ്യിൽ പ്രവർത്തിച്ചു വരുന്ന അൽ അറഫ ബേക്കറി, ചട്ടുകപ്പാറയിൽ പ്രവർത്തിച്ചു വരുന്ന ഇൻസ്പെയർ ഫുഡ്‌സ് എന്നീ സ്ഥാപനങ്ങൾക്ക് 35000 രൂപ പിഴ ചുമത്തി. സ്‌ക്വാഡ് ഡോൾഫിൻ റെസ്റ്റോറന്റിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിലെ വാഷ് ബേസിനിൽ നിന്നുള്ള മലിന ജലം തുറസായി പുറകിലെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലേക്ക് ഒഴുക്കി വിടുന്നതായും ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിടുന്നതായും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നതായും കണ്ടെത്തി.
സ്ഥാപനത്തിൽ നിന്നും 12 കിലോയോളം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും സ്‌ക്വാഡ് പിടിച്ചെടുത്തു. റെസ്റ്റോറന്റിന് 20000 രൂപ പിഴ ചുമത്തി. അൽ അറഫ ബേക്കറിയിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നും 22 കിലോയോളം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുക്കുകയും 10000 രൂപ പിഴ ചുമത്തുകയും ചെയ്തു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് ഇൻസ്പെയർ ഫുഡ്സ് എന്ന ബേക്കറി നിർമ്മാണ യൂണിറ്റിന് 5000 രൂപയും പിഴ ചുമത്തി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ആര്യ രശ്മി എ. പി തുടങ്ങിയവർ പങ്കെടുത്തു.


Post a Comment