മയ്യില്‍: സംഘടനകളോ, ബസ് ഉടമകളോ അറിയാതെ നിസ്സാര കാര്യങ്ങള്‍ക്ക് മിന്നല്‍ പണിമുടക്ക് ആഹ്വാനം നടത്തുവര്‍ക്കെതിരെ ശക്തമായ നടപടികളെടുത്ത് മയ്യില്‍ പോലീസ്. കഴിഞ്ഞ ദിവസം മയ്യില്‍- പുതിയതെരു, കണ്ണാടിപ്പറമ്പ് പുതിയതെരു റൂട്ടിലോടുന്ന ബസ്സുകള്‍ പണിമുടക്ക് നടത്തിയതുമായി ബന്ധപ്പെട്ടാണ് അഞ്ച് ബസ് തൊഴിലാളികള്‍ക്കെതിരെ കേസെടുത്തത്. പുതുതായി രൂപവത്കരിച്ച ബസ് വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെ ലഹളക്കും പണിമുടക്കും ശ്രമിച്ചതിനാണ് മുമ്മൂസ് ബസ് ജീവനക്കാരന്‍ മിര്‍സാബ്, ഗള്‍ഫ് ബസ് ജീവനക്കാരന്‍ അനസ്, വിന്റൊ ബസ് ജീവനക്കാരന്‍ നിധിന്‍, ഹാരിസ്, അശ്രഫ് തുടങ്ങിയവര്‍ക്കെതിരെ മയ്യില്‍ ഇന്‍സ്‌പെക്ടര്‍ പി.സി. സഞ്ജയ്കുമാര്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്.
അടുത്തടുത്തായി നേരത്തേയും ഇത്തരത്തില്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. പോലീസ് നല്‍കിയ മുന്നറിയിപ്പ് പലവട്ടം നിരസിച്ചാണ് പാതുജനങ്ങള്‍ക്ക് ദോഹകരമാകുന്ന രീതിയില്‍ പണിമുടക്ക് നടത്തിയതെന്നും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പുല്ലൂപ്പിയില്‍ വെച്ച് നജ ബസ് ജീവനക്കാരെ അക്രമിച്ചതിനു തൊട്ടുപിന്നാലെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടും ബസ് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നെന്നും ഇത്തരം നടപടിക്കെതിരെ നാട്ടുകാരും യാത്രക്കാരും കനത്ത വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. നിരവധി യാത്രക്കാരാണ് രാത്രി പത്തോടെ പ്രഖ്യാപിച്ച പണിമുടക്കില്‍ വലഞ്ഞത്.
ജീവനക്കാരുടെ നടപടി പ്രാചീനം
യാത്രക്കാരും ബസ് ജീവനക്കാരും സംഘര്‍ഷമുണ്ടായാല്‍ പണിമുടക്കുകയെന്നത് പ്രാചീനമാണ്. പൊതുവാഹനങ്ങളെ ആശ്രയിച്ച് യാത്ര ചെയ്യുന്നവര്‍ പുലര്‍ച്ചെ മുതല്‍ റോഡില്‍ കാത്തു നിന്ന് തിരിച്ചു പോകേണ്ട സ്ഥിയിലായിരുന്നു. പോലീസ് നടപടി ഉചിതമായി.
ബാബു പണ്ണേരി,
മാനേജിങ്ങ് ഡയരക്ടര്‍,
ഏയ്‌സ് ബില്‍ഡേഴ്‌സ്, മയ്യിൽ
പരിശോധന നടത്തും
മയ്യില്‍ - കാട്ടാമ്പള്ളി റൂട്ടിലെ സ്വകാര്യ ബസ്സുകളിലെ ജീവനക്കാരെ നിരന്തരം നിരീക്ഷിക്കും. യാത്രക്കാരോടുള്ള പെരുമാറ്റം, കൃത്യനിഷ്ഠ, വിദ്യാര്‍ഥികളോടുള്ള സമീപനം എന്നിവയും പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും. മയ്യില്‍ - കാട്ടാമ്പള്ളി റൂട്ടില്‍ നിന്ന് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്.
പി.സി.സഞ്ജയ്കുമാര്‍, ഇന്‍സ്‌പെക്ടര്‍, മയ്യില്‍.
Post a Comment