തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ താൻ നികൃഷ്ടജീവിയെന്നോ പരനാറി എന്നോ വിളിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാജാവ് ആണെന്ന വിചാരമാണോ കേരളത്തിന്റെ മുഖ്യമന്ത്രിക്കുള്ളതെന്ന് ചെന്നിത്തല ചോദിച്ചു. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണ് താൻ വിളിച്ചത്. അത് അദ്ദേഹത്തിന് സുഖിച്ചില്ലെന്നും അതിന്റെ പേരിലാണ് വലിയ ബഹളമുണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് ആശ വർക്കർമാരുടെ സമരത്തിന് പിന്തുണയർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം 'മിസ്റ്റർ ചീഫ് മിനിസ്റ്റർ' എന്ന് വിളിച്ചതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചത്. രമേശ് ചെന്നിത്തല പ്രസംഗത്തിൽ പറഞ്ഞത്:
"ടാർപോളിൻ പൊളിച്ചു കഴിഞ്ഞാൽ ആശ വർക്കർമാരുടെ സമരം ഇല്ലാതാകുമെന്നാണ് അവരുടെ ധാരണ. അവർ വിഡ്ഡികളുടെ സ്വർഗത്തിൽ ജീവിക്കുന്നവരാണ്. ടാർപോളിൻ അല്ല ഇനി കസേര എടുത്ത് കൊണ്ടു പോയാലും നിങ്ങളോടൊപ്പം ഞങ്ങളും ഈ സ്ഥലത്തുണ്ടാകും. സി.ഐ.ടി.യുവിന്റെ സമരത്തിലുള്ളത് ആശവർക്കർമാരല്ല, തൊഴിലുറപ്പ് തൊഴിലാളികളാണ്. അവരെയെല്ലാം; തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയവരാണ്.
സമരം ചെയ്യുന്ന എല്ലാവരെയും പിരിച്ചുവിട്ടുകളയുമെന്നാണ് ഇപ്പോൾ ഭീഷണി. എത്രകാലം ഈ ഭീഷണി നിൽക്കും. എത്രകാലം ഈ നടപടി തുടരും. കേരളത്തിന്റെ ചരിത്രത്തിൽ ഒരു സർക്കാരും കാണിക്കാത്ത നടപടിയാണ് നടന്നുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ നിയമസഭാ മാർച്ച് ചരിത്രപ്രാധാന്യം അർഹിക്കുന്ന മാർച്ചായിരുന്നു. അതിൽ തൊഴിലുറപ്പ് തൊഴിലാളികളോ അങ്കണവാടി ഹെൽപ്പർമാരോ ഉണ്ടായിരുന്നില്ല. ഐ.ഡി കാർഡ് ഉയർത്തിപ്പിടിച്ചാണ് നിങ്ങൾ സമരം ചെയ്തത്. നിങ്ങളുടെ സമരം ന്യായമാണ്. ഈ സർക്കാരിനെ മുട്ടുകുത്തിക്കുന്നത് വരെ ഈ സമരവുമായി മുന്നോട്ടുപോകണം. കേരളത്തിന്റെ മുഖ്യമന്ത്രി, രാജാവ് ആണെന്നാണോ ഇയാളുടെ വിചാരം.
ഇന്നലെ ഞാൻ മിസ്റ്റർ മുഖ്യമന്ത്രി എന്നുവിളിച്ചപ്പോൾ തന്നെ രോഷമായി.ഇയാൾ എന്താണ് വിചാരിക്കുന്നത്, ഇയാൾ രാജാവ് ആണെന്നാണോ. ഞാൻ നികൃഷ്ടജീവി എന്ന് വിളിച്ചില്ല, പരനാറി എന്ന് വിളിച്ചില്ല, എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ചില്ല. ഞാൻ മാന്യമായ ഭാഷയിൽ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണ് വിളിച്ചത്. അത് അദ്ദേഹത്തിന് സുഖിച്ചില്ല. ഇന്നലെ വലിയ ബഹളമായിരുന്നു അദ്ദേഹം. ഒരുകാര്യം പറയട്ടെ, ഇദ്ദേഹത്തിന്റെ അഹങ്കാരവും ധിക്കാരവും ആശ വർക്കർമാരോട് വേണ്ട എന്ന് നിങ്ങളുടെ സമരം തെളിയിക്കുകയാണ്. സമരത്തിന് എല്ലാവിധ പിന്തുണയും നേരുന്നു. ഇതുമൂന്നാമത്തെ തവണയാണ് ഞാൻ ഇവിടെ വരുന്നത്. ഇനി മുന്നൂറുതവണ വരേണ്ടിവന്നാലും നിങ്ങളോടൊപ്പം ഉണ്ടാകും.
Post a Comment