കണ്ടക്കൈ : ഞാറു നട്ട വയലിൽ കൊയ്ത്തുത്സവത്തിനായി കണ്ടക്കൈ എ എൽ പി സ്കൂൾ വിദ്യാർത്ഥികൾ ശങ്കരേട്ടന്റെ പാടത്തെത്തി. സ്കൂൾ കൃഷിപാഠം പദ്ധതിയുടെ ഭാഗമായിട്ടാണ് 3,4 ക്ലാസിലെ കുട്ടികൾ കാർഷിക വേഷം അണിഞ്ഞ് ശങ്കരേട്ടന്റെ അഞ്ചേക്കർ വരുന്ന പാടത്തെത്തി കതിര് കൊയ്തെടുത്തത്. കൊയ്തെടുത്ത കതിര് കറ്റകെട്ടി കൊണ്ടുപോയി മെതിക്കുന്നതും തൂറ്റുന്നതും കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു. തുടർന്ന് സന്ദർശിച്ച ശങ്കരേട്ടന്റെ വിശാലമായ വാഴത്തോട്ടവും വാഴത്തോട്ടത്തിനിടയ്ക്ക് നട്ടുവളർത്തിയ പച്ചക്കറികളും കുട്ടികൾക്ക് ഏറെ കൗതുകകരമായ കാഴ്ചയായിരുന്നു. വർഷങ്ങളായി സ്കൂൾ കുട്ടികൾക്ക് കൃഷിയെ കുറിച്ച് പ്രാഥമിക അറിവുകൾ നൽകുകയും സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്യാറുമുണ്ട്. കൊയ്ത്തുത്സവത്തിൽ ശങ്കരേട്ടൻ നെൽകൃഷിയെ കുറിച്ചും വാഴ കൃഷിയെക്കുറിച്ചും പ്രാഥമിക പാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. കുട്ടികളുടെ കൊയ്ത്തുത്സവം വാർഡ് മെമ്പർ ശ്രീമതി കെ.വി സതീദേവി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി.വിനോദ്, സി.സി രാമചന്ദ്രൻ, പി.സി.പി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
Post a Comment