കണ്ണൂർ: ഇന്ത്യൻ റെയിൽവേ പാലക്കാട് ഡിവിഷന്റെ തലതിരിഞ്ഞ പല തീരുമാനങ്ങളും ട്രെയിൻ യാത്രക്കാരെ യാത്രയിൽ നിന്നും അകറ്റുകയാണെന്ന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ- ഓർഡിനേഷൻ കമ്മിറ്റി (എൻ.എം.ആർ.പി.സി.) ചെയർമാൻ അഡ്വ. റഷീദ് കവ്വായി പത്രസമ്മേളനത്തിൽ പറഞ്ഞു.
ഡിവിഷൻ ലാഭകരമാക്കാൻ വേണ്ടി കൊമേഴ്സ്യൽ വിഭാഗം എടുക്കുന്ന പല തീരുമാനങ്ങളും ജനദ്രോഹവും അംഗീകരിക്കാൻ കഴിയാത്തതുമാണ്. പയ്യന്നൂർ, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിലെ റെയിൽവ്വേയുടെ ജനറൽ ടിക്കറ്റ് കൗണ്ടർ അടച്ചുപൂട്ടിയിട്ട് മാസങ്ങളായി. ഡിവിഷൻ ലാഭത്തിൽ ആണെന്ന് വരുത്തിവെക്കാൻ ജീവനക്കാരെ ഒഴിവാക്കുന്ന നടപടിയാണ് റെയിൽവേയുടെ ഭാഗത്തുനിന്ന് കാണുന്നത്.
കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട എ.ടി.വി.എം.ലൂടെ മാത്രമാണ് ഇപ്പോൾ ജനൽ ജനറൽ ടിക്കറ്റുകൾ കൊടുക്കുന്നത്. അതുതന്നെ എ.ടി.വി.എം. മിഷൻ പ്രവർത്തിപ്പിക്കുന്നവരുടെ ഇഷ്ടത്തിന് അനുസരിച്ച് മാത്രമാണ് ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത്.പയ്യന്നൂരും തലശ്ശേരിയിലും ഉള്ള സീസൺ ടിക്കറ്റ് യാത്രക്കാർക്ക് സീസൺ ടിക്കറ്റ് കൊടുക്കാൻ പറ്റാത്ത സാഹചര്യമാണ്. മാത്രമല്ല സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത ആളുകൾക്ക് ട്രെയിൻ യാത്ര അപ്രാപ്യമായിരിക്കുകയാണ്. എല്ലാവരും ഓൺലൈനിലൂടെ മാത്രം ടിക്കറ്റ് എടുക്കണമെന്ന് നിർബന്ധ ബുദ്ധി റെയിൽവ്വേയുടെ ഭാഗത്തുനിന്ന് വരുന്നത് അംഗീകരിക്കാൻ സാധ്യമല്ല.
കണ്ണൂരിനും മംഗലാപുരത്തിനും ഇടയിൽ ഉള്ള യാത്രാദുരിതം ഓരോ ദിവസം കഴിയുമ്പോഴും കൂടി കൂടി വരികയാണ്.
രാവിലെ 10:40 ന് മംഗലാപുരം ഭാഗത്തേക്ക് വണ്ടി പോയാൽ പിന്നീട് 2.10 ന് മാത്രമാണ് ട്രെയിൻ ഉള്ളത്. തിരിച്ചു മംഗലാപുരം ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് വരാൻ മണിക്കൂറുകളുടെ ഇടവേളയാണ് ഉള്ളത്. രാവിലെയും വൈകുന്നേരവും അടിക്കടി മണിക്കൂർ വ്യത്യാസത്തിൽ ട്രെയിൻ സർവ്വീസ് നടത്തുന്നതുകൊണ്ട് സാധാരണ യാത്രക്കാർക്ക് ഉപകാരപ്രദമല്ലാതായിരിക്കുകയാണ്. ആയതിനാൽ ട്രെയിൻ സമയ ക്രമം മാറ്റി പകലും രാത്രിയിലും ഒരു മണിക്കൂർ ഇടവിട്ട് എങ്കിലും സർവ്വീസ് നടത്തുന്ന തരത്തിലേക്ക് സമയം ക്രമീകരിക്കണം.
മതിയായ പരിശീലനം ഇല്ലാതെ പുതുതായി നിയമിക്കപ്പെട്ട ടി.ടി.ഇ.മാർ യാത്രക്കാരോട് ശത്രുതാമനോഭാവത്തിലാണ് പെരുമാറുന്നത്. നിരവധി പരാതികൾ ആണ് നമുക്ക് ലഭ്യമാകുന്നത്. പല ട്രെയിനുകളിലും ജനറൽ കോച്ചുകളിൽ രൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്.
സ്ത്രീ യാത്രക്കാരും സീസൺ ടിക്കറ്റ് യാത്രക്കാരും സമാനതകൾ ഇല്ലാത്ത പ്രയാസമാണ് അനുഭവിക്കുന്നത്. മാത്രമല്ല ഡി - റിസർവ്ഡ് കോച്ചുകളുടെ എണ്ണം കണ്ണൂരിനും മംഗലാപുരത്തിനും ഇടയിൽ പല വണ്ടികളിലും ഇല്ല എന്നുള്ളതാണ്. വൈകീട്ട് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന മംഗലാപുരം - തിരുവനന്തപുരം എക്സ്പ്രസിൽ കേവലം ഒരു കോച്ച് മാത്രമാണ് ഡി - റിസർവ്ഡ് കോച്ച് ഉള്ളത്.
കണ്ണൂർ-ഷോർണ്ണൂർ ട്രെയിൻ എല്ലാ ദിവസവും സർവ്വീസ് നടത്തുന്നത് എൻ. എം.ആർ.പി.സി. സ്വാഗതം ചെയ്യുകയാണ്. എന്നാൽ ട്രെയിൻ സ്ഥിരപ്പെടുത്തി മഞ്ചേശ്വരം വരെ നീട്ടുവാനുള്ള എല്ലാ സാഹചര്യവും നിലവിൽ ഉണ്ട് ആയതിനാൽ ട്രെയിൻ സ്ഥിരപ്പെടുത്തി മഞ്ചേശ്വരത്തേക്ക് നീട്ടാൻ വേണ്ടി തയ്യാറാകണം.
അതോടൊപ്പം കണ്ണൂരിൽ നിർത്തിയിട്ടിരിക്കുന്ന ഏഴോളം ട്രെയിനുകൾ മംഗലാപുരത്തേക്കോ കാസർഗോഡേക്കോ നീട്ടാൻ വേണ്ടിയുള്ള സാഹചര്യമുണ്ടാകണം.
പുതുതായി അനുവദിക്കപ്പെടുന്ന പല കോച്ചുകളും അസൗകര്യം ആണ് പല യാത്രക്കാരും ചൂണ്ടിക്കാട്ടുന്നത്. പരമ്പരാഗത ട്രെയിൻ കോച്ചുകളിൽ കിട്ടുന്ന സൗകര്യങ്ങൾ പുതുതായി ഇറങ്ങിയിട്ടുള്ള പല കോച്ചുകളിലും ലഭ്യമല്ല.ആയതിനാൽ മലബാർ ഭാഗത്തേക്ക് പരമ്പരാഗതമായ ട്രെയിൻ കോച്ചുകൾ തന്നെ അനുവദിക്കാൻ വേണ്ടി റെയിൽവേ തയ്യാറാകണമെന്ന് ആവശ്യപ്പെടുകയാണ്. മേൽ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ അഞ്ചിന് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ മുന്നിൽ നിൽപ്പ് സമരം നടത്തും.ഡിസംബർ 14 ന് യാത്രക്കാരുടെ കൂട്ടായ്മയും 40 വർഷക്കാലമായി സീസൺ ടിക്കറ്റിൽ യാത്ര ചെയ്യുന്ന ടി.കെ.സി. അഹമ്മദിനുള്ള ആദരവും 25 വർഷത്തിനു മുകളിലായി സീസൺ ടിക്കറ്റിൽ യാത്ര ചെയ്യുന്നവരെ ആദരിക്കുന്ന ചടങ്ങും നടക്കും.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് മതിയായ ചികിത്സ സഹായവും നഷ്ടപരിഹാരവും നൽകാൻ റെയിൽവ്വേ തയ്യാറാവണം. കണ്ണൂർ റെയിൽവേ മുത്തപ്പൻ മടപ്പുരയ്ക്ക് കോട്ടംതട്ടുന്ന രീതിയിലുള്ള നിർമ്മാണ പ്രവ്യത്തിയിൽ നിന്ന് റെയിൽവേ പിന്തിരിയണമെന്ന് എൻ.എം.ആർ.പി.സി. ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ എൻ.എം.ആർ.പി.സി ചെയർമാൻ അഡ്വ. റഷീദ് കവ്വായി, ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ, കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, കെ.ജയകുമാർ,പി. വിജിത്ത്കുമാർ എന്നിവർ പങ്കെടുത്തു.
Post a Comment