കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പൻ (54) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആഗസ്‌ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1994 നവംബർ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേൽക്കുന്നത്. ഇതോടെ ശരീരം തളർന്ന് പുഷ്പൻ കിടപ്പിലായി. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവന് നേരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. കെ കെ രാജീവൻ, കെ വി റോഷൻ, വി മധു, സി ബാബു, ഷിബുലാൽ തുടങ്ങിയ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ വെടിവെയ്പിൽ കൊല്ലപ്പെട്ടിരുന്നു.
കർഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്‌മിയുടെയും ആറുമക്കളിൽ അഞ്ചാമനാണ് പുഷ്പൻ. സഹോദരങ്ങൾ: ശശി, രാജൻ, അജിത (പുല്ലൂക്കര), ജാനു, പ്രകാശൻ (താലൂക്ക് ഓഫീസ് തലശേരി).
Post a Comment