©️ MAYYIL VARTHAKAL MAYYIL VARTHAKAL©️ CONTACT©️ 9447817915©️ 8606757915©️ MAYYIL VARTHAKAL MAYYIL VARTHAKAL ഇന്ന് ലോക ഫോക്ക് ലോർ ദിനം, മാധവിയുടെ തൃക്കൈകുട നിർമ്മാണത്തിന് 57 വയസ്

ഇന്ന് ലോക ഫോക്ക് ലോർ ദിനം, മാധവിയുടെ തൃക്കൈകുട നിർമ്മാണത്തിന് 57 വയസ്

മയ്യിൽ: ക്ഷേത്രങ്ങളിലും കാവുകളിലും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന തൃക്കൈകുട എന്ന ഓലക്കുടയുടെ നിർമ്മാണ രംഗത്ത് കയരളം ഒറപ്പടി സ്കൂളിന് സമീപത്തെ കെ കെ മാധവി അമ്പത്തിയേഴ് വർഷം പൂർത്തിയാക്കുന്നു.
അച്ഛൻ കപ്പണപ്പറമ്പിൽ രാമനും അമ്മ കൂവോത്ത് കുനിമ്മൽ പാറുവും ഓലക്കുടകൾ നിർമ്മിക്കുന്നത് കണ്ടാണ് മാധവിയും പാരമ്പര്യമായി തൃക്കൈകുട ( ഓലക്കുട) നിർമ്മാണ രംഗത്തേക്ക് കടന്നത്. ഒറപ്പടി സ്കൂളിൽ അഞ്ചാം തരത്തിൽ  പഠിക്കുന്ന സമയം ആണ് ഓലക്കുട നിർമ്മാണത്തിൻ്റെ ബാലപാഠങ്ങൾ മാധവി പഠിച്ചു തുടങ്ങിയത്. ഇപ്പോൾ അറുപത്തി എട്ടാം വയസിലും പാരമ്പര്യമായി ലഭിച്ച ഓലക്കുട നിർമ്മാണം തുടരുന്നു. 
മുൻ കാലങ്ങളിൽ ആചാരക്കുട എന്നതിനു പുറമെ  സമ്പന്ന തറവാട്ടുവീടുകളിൽ ഉള്ളവർക്ക് ഓലക്കുടയും കന്നുകാലി പൂട്ടുന്നവർക്ക് തലക്കുടയും കർഷക തൊഴിലാളികൾക്ക് നാട്ടിക്കുടകളും  ഉപയോഗിക്കുമായിരുന്നെങ്കിലും ഇന്ന് ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായും ഓണക്കാലത്ത് മാവേലി വേഷത്തിനുമാണ്  ഓലക്കുട ഉപയോഗിച്ചു വരുന്നത്.
ഇപ്പോൾ ചെറുപുഴയിലെ നാദബ്രഹ്മ കലാക്ഷേത്രത്തിലേക്ക് മാവേലി വേഷത്തിന് വേണ്ടി പത്തോളം ഓലക്കുടകൾ തയ്യാറാക്കുന്ന തിരക്കിലാണ് പാരമ്പര്യ കല കൈവിടാതെ സൂക്ഷിക്കുന്ന ഈ നാട്ടുകലാകാരി. 
ഓട, മുള, പനയോല തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് ഈ മേഖലയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് മാധവി പറയുന്നു. 
പുതിയ തലമുറയിൽ പെട്ടവർ ഈ രംഗത്തേക്ക് കടന്നു വരാൻ വേണ്ടി കേരള ഗണക കണിശ സഭ കണ്ണൂരിൽ സംഘടിപ്പിച്ച ഓലക്കുട നിർമ്മാണ പരിശീലനക്കളരിയിൽ വെച്ച് നിരവധി പേർക്ക് പഴമയുടെ പാരമ്പര്യ കല പകർന്നു നൽകാനും മാധവിക്ക് സാധിച്ചു.
2019 ൽ തൃശൂരിൽ വെച്ച് നാട്ടുകലാകാരക്കൂട്ടം "നാട്ടുപച്ച" അവാർഡും നൽകി ആദരിച്ചിട്ടുണ്ട്.
ഇന്ന് ഫോക് ലോർ ദിനാചരണത്തിൻ്റെ ഭാഗമായി മലയാളത്തിലെ സഞ്ചരിക്കുന്ന തിയറ്റർ ഗ്രൂപ്പായമയ്യിൽ അഥീന നാടക- നാട്ടറിവ് വീട് കെ.കെ.മാധവിയെ ആദരിക്കും.
പരേതനായ സി രാഘവനാണ് ഭർത്താവ്. കെ.കെ സജേഷ്, കെ.കെ നിമിഷ എന്നിവരാണ് മക്കൾ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്