മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

പ്രഭുനാഥിൻ്റെ രസതന്ത്രം @ 150 വേദികൾ

പ്രഭുനാഥിൻ്റെ രസതന്ത്രം @ 150 വേദികൾ

കണ്ണൂർ: ലഹരിക്കെതിരെയുള്ള  ബോധവൽക്കരണം പ്രഭുനാഥിന് ഔദ്യോഗിക ജോലി മാത്രമല്ല, അരങ്ങിലെ ആത്മസമർപ്പണം കുടിയാണ്. കഴിഞ്ഞ 16 വർഷമായി എക്‌സൈസ് വകുപ്പ് നടത്തി വരുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ നാടകങ്ങളിലൂടെ ശ്രദ്ധേയനാണ് ഈ ഉദ്യോഗസ്ഥൻ.  
കണ്ണൂർ എക്സൈസ് സ്പെഷ്യൽ  സ്‌ക്വാഡിലെ അസി. എക്സൈസ് ഇൻസ്പെക്ടർ പി സി പ്രഭുനാഥ് വേഷമിടുന്ന ലഹരി വിരുദ്ധ ഏകപാത്ര നാടകം ‘രസതന്ത്രം' 150 വേദികൾ പിന്നിട്ടു. അഭിനയം ലഹരിയാക്കിയ ഈ കലാകാരന്റെ പ്രകടനത്തെ സദസ്സുകൾ നിറഞ്ഞ കൈയടിയോടെയാണ് ഏറ്റുവാങ്ങുന്നത്. ഞായറാഴ്ച‌ ആദികടലായി ഗ്രാമിക ചാരിറ്റബിൾ ട്രസ്റ്റ‌ിന്റെ സാംസ്‌കാരിക സദസ്സ് 151-ാമത് വേദിയായി. വിമുക്തി ക്യാമ്പയിനിന്റെ ഭാഗമായി  അവതരിപ്പിക്കുന്ന ഏക പാത്ര നാടകം  2019ൽ ആണ് ആദ്യ അവതരണം നടത്തിയത്. അഞ്ചുവർഷത്തിനിടെ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്‌കൂളുകൾ, കോളേജുകൾ, വായനശാലകൾ, ക്ലബ്ബുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം രസതന്ത്രം അരങ്ങു തകർത്തു. ലഹരിക്കടിമയായി മകന്റെ മാനസികനിലതെറ്റിയപ്പോൾ തകർന്നുപോയ അച്ഛനായാണ് പ്രഭുനാഥ് അരങ്ങിലെത്തുന്നത്. സ്വപ്നേഷ് ബാബു രചിച്ച നാടകത്തിന് യുവ നാടക-സിനിമാ സംവിധായകൻ  ജിജു ഒറപ്പടിയാണ് രംഗഭാഷ ഒരുക്കിയത്.
എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ വി പി സിജിലും സി എച്ച് റിഷാദുമാണ് സംഗീതനിയന്ത്രണം.

ചെറുകുന്ന് കവിണിശേരി വയൽ സ്വദേശിയായ പ്രഭുനാഥ് 27 വർഷമായി അഭിനയ രംഗത്ത് ഉണ്ട്.
ചെറുകുന്ന് - കണ്ണപുരം പുരോഗമന കലാസമിതിയുടെയും കവിണിശേരി ജനകീയ കലാസിമിതിയുടെയും നാടകങ്ങളിൽ സജീവസാന്നിധ്യമാണ്. എക്സൈസ് വകുപ്പിൻ്റെ 2000 ലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട 'വരല്ലേ ഈവഴിയേ" എന്ന ലഹരി വിരുദ്ധ നാടകത്തിലെ പ്രധാന വേഷങ്ങളിൽ  അഭിനയിച്ച് പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. കേരള സംഗീത നാടക ആക്കാദാമിയുട സഹായത്തോടെ കവിണിശ്ശേരി ജനകീയ കലാ സമിതി ഒരുക്കിയ പൊക്കൻ നാടകത്തിലെ ജന്മി, ആലാവുദിനും അത്ഭുത വിളക്കും നാടകത്തിലെ ജിന്ന്, സൈലെൻസ് നാടകത്തിലെ ജ്യേഷ്ഠൻ, എന്താത് നാടകത്തിലെ അച്ഛൻ വേഷം, സീത നാടകത്തിലെ തീവ്രവാദി, ആരവങ്ങൾക്കപ്പുറത്തിലെ ഭ്രാന്തൻ, രാജ്യദ്രോഹിയുടെ അമ്മ നാടകത്തിലെ ഏകാധിപതി തുടങ്ങിയ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി തെരുവുനാടകങ്ങളിലും വേഷമിട്ടു.  സംസ്ഥാന എക്സൈസ് കലാമേളയിൽ നാല് തവണ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . ഭാര്യ: കൃപ. മകൾ നിരഞ്ജന. 



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്