മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

ഒരു ടൺ നിരോധിത പ്ലാസ്റ്റിക് ക്യാരീ ബാഗുകൾ പിടികൂടി

ഒരു ടൺ നിരോധിത പ്ലാസ്റ്റിക് ക്യാരീ ബാഗുകൾ പിടികൂടി

കണ്ണൂർ: തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഒരു ടണ്ണോളം  നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്തു. കണ്ണൂർ മാർക്കറ്റിലെ ഗോപാൽ സ്ട്രീറ്റിൽ ടി.കെ.സുലൈമാൻ ആൻ്റ് സൺസ് എന്ന മൊത്തവ്യാപാര സ്ഥാപനത്തിൻ്റെ ഗോഡൗണിൽ നിന്നാണ് വിവിധ അളവിലും കനത്തി ലുമുള്ള ഒരു ടണ്ണോളം വരുന്ന നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്തത്. 15 മുതൽ 25 വരെ കിലോഗ്രാമിന്റെ ചാക്കുകളിൽ ആയിട്ടാണ് നിരോധിത ക്യാരിബാഗുകൾ സൂക്ഷിച്ചിരുന്നത്. മുൻപ് ഇതേ സ്ഥാപനത്തിൽ പരിശോധന നടത്തി പ്ളാസ്റ്റിക് കപ്പ് തുടങ്ങിയ നിരോധിത ഉൽപ്പന്നങ്ങൾ സ്ക്വാഡ് പിടിച്ചെടുത്തിരുന്നു. അതേ ഗോഡൗണിന് തൊട്ടടുത്തായി തന്നെ ക്യാരിബാഗുകൾ മാത്രം സൂക്ഷിച്ച പ്രത്യേക കട മുറിയിൽ  നിന്നാണ് സ്ക്വാഡ് ഇതുവരെ പിടികൂടിയതിൽ ഏറ്റവും കൂടിയ അളവിൽ പ്ലാസ്റ്റിക് ക്യാരീ ബാഗുകൾ കണ്ടെടുത്തത്. ഒരേ സ്ഥാപനത്തിൽ നിന്ന്  രണ്ടാമതും നിരോധിത വസ്തുക്കൾ പിടികൂടിയതുകൊണ്ട് 25000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ണൂർ കോർപറേഷന് നിർദ്ദേശം നൽകി. ലോക പ്ലാസ്റ്റിക് ക്യാരി ബാഗ് വിരുദ്ധദിനമായ ജൂലൈ 3 നും കണ്ണൂർ നഗരത്തിൽ നിരോധിത ക്യാരി ബാഗുകൾ സുലഭമെന്ന വാർത്ത മാധ്യങ്ങളിൽ വന്നതിനെ തുടർന്നാണ് സ്ക്വാഡ് മിന്നൽ പരിശോധനയ്ക്കെത്തിയത്. 
          പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് ടീം ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ.അജയകുമാർ, ഷരീകുൽ അൻസാർ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ ജുനാറാണി, കണ്ടിജൻ്റ് ജീവനക്കാരായ സജികുമാർ, ജുനൈദ്, ഗണേഷ്, പുഷ്പരാജ് എന്നിവർ പങ്കെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്