അവധിദിന പരിശോധന - പിടിച്ചെടുത്തത് ഒരു ക്വിൻ്റൽ നിരോധിത ഉൽപന്നങ്ങൾ

മട്ടന്നൂർ നഗരസഭ പരിധിയിൽ അവധി ദിനത്തിൽ തദ്ദേശ ഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് അയൽ ജില്ലയിൽ നിന്ന് വിൽപനയ്ക്ക് എത്തിച്ച ഒരു ക്വിൻ്റലിലധികം നിരോധിത ഒറ്റ തവണ ഉപയോഗ വസ്തുക്കൾ. കണ്ണൂർ ജില്ലയിൽ പരിശോധന കർശനമായതോടെ അവധി ദിവസങ്ങളിലും അസമയങ്ങളിലും കോഴിക്കോട് ജില്ലയിൽ നിന്ന് നിരോധിത ഉൽപ്പന്നങ്ങൾ വാഹനങ്ങൾ വഴി വിതരണം ചെയ്യുന്നതായി സ്ക്വാഡിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അവധി ദിവസമായ രണ്ടാം ശനിയാഴ്ച സ്ക്വാഡ് പരിശോധനയ്ക്ക് ഇറങ്ങിയത്. 65 കിലോ പ്ലാസ്റ്റിക് ആവരണമുള്ള  പേപ്പർ വാഴയില, 9 കിലോ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, 42 കിലോ പ്ലാസ്റ്റിക് ആവരണമുള്ള  പേപ്പർ കപ്പുകൾ എന്നിവയാണ് പി.വി.തോമസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്നും  പിടിച്ചെടുത്തത്. വടകരയിലുള്ള സ്റ്റാർ നൈലോൺസ് എന്ന സ്ഥാപനത്തിനു വേണ്ടി സർവീസ് നടത്തുന്ന  വാഹനമാണിത്. വടകരയിലെ ഗോഡൗണിൽ നിന്നും ശേഖരിച്ച നിരോധിത വസ്തുക്കൾ ഉൾപ്പെടെയുള്ളവ കൂത്തുപറമ്പ് മുതൽ  വിതരണം ചെയ്ത് മട്ടന്നൂർ ഉരുവച്ചാൽ എത്തിയപ്പോഴാണ്  വാഹനം  പിടിയിലായത്. പതിനായിരം രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് മട്ടന്നൂർ നഗരസഭയ്ക്ക് നിർദ്ദേശം നൽകി. ഇത്തരം ഏജൻസികൾ വഴി കമ്പനിയുടെ പേരുൾപ്പെടെയുള്ള ഉൽപാദന വിവരങ്ങളും കനവും രേഖപ്പെടുത്താതെ വിതരണം ചെയ്യുന്ന എച്ച്എം പ്ളാസ്റ്റിക് കവർ ഉൾപെടെയുള്ള ഉൽപന്നങ്ങൾ വാങ്ങി വഞ്ചിതരാവാതിരിക്കാൻ വ്യാപാരികൾ ശ്രദ്ധിക്കണമെന്ന് സ്ക്വാഡ് അറിയിച്ചു. 

    പരിശോധനയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ് എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, ഷെരീക്കുൽ അൻസാർ, സി.കെ. ദിബിൽ, മട്ടന്നൂർ നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് കെ.എം., സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിനിൽ വി.കെ. എന്നിവർ പങ്കെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്