നാടിന് സ്വന്തമായി കളിക്കളം ഒരുക്കാനുള്ള പരിശ്രമത്തിലാണ് സഫ്‌ദർ ഹാഷ്മി ഗ്രന്ഥാലയം. അറുപത് ലക്ഷം രൂപയോളം ചെലവഴിച്ച് തായംപൊയിലിൽ ഭൂമി വിലയ്‌ക്ക് വാങ്ങാനുള്ള ബഹുമുഖമായ പരിശ്രമം നടന്നുവരുന്നു. പുതുതലമുറ കരുത്തോടെ വളരാൻ മൈതാനം കൂടിയേ തീരൂ എന്ന ചിന്തയിൽ നിന്നാണ് ജനകീയ പങ്കാളിത്തത്തോടെയുള്ള ഈ ദൗത്യം. നാടിന് ഒത്തുചേരാനുള്ള പൊതുഇടമായും മൈതാനം മാറും. നാലുമാസത്തിനകം ഭൂമിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകും. നമ്മുടെ ദേശത്തെ എല്ലാമനുഷ്യരും നാടും ഒന്നടങ്കം ചേർന്നുനിൽക്കുന്ന സംരംഭമാവും ഇത്. തദ്ദേശ സ്ഥാപനങ്ങളും സ്‌പോർട്‌സ് കൗൺസിൽ പോലുള്ള സംവിധാനങ്ങളുടെ സഹായത്തോടെ കളിസ്ഥലം സ്‌റ്റേഡിയമായി വികസിപ്പിക്കുകയെന്ന ലക്ഷ്യവും മുന്നിലുണ്ട്.
മൈതാനം ഒരുക്കുന്നതിന് മുന്നോടിയായി നാട്ടിൽ നിന്ന് കായിക പ്രതിഭകളെ കണ്ടെത്താനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നു. ലൈബ്രറിയുടെ ഉപവിഭാഗമായ സഫ്‌ദർ ഹാഷ്‌മി സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്‌ബോൾ കോച്ചിങ് ക്യാമ്പ് ഇതിലൊന്നാണ്. രണ്ടുമാസക്കാലം എല്ലാ വൈകുന്നേരങ്ങളിലുമാണ് ശാസ്‌ത്രീയമായ കളി പരിശീലനം. കേരള പൊലീസ് ടീം അംഗമായ കെ കെ വിജയനാണ് പരിശീലനം നയിക്കുക.
ചെറുപ്പത്തിലേ പിടികൂടുകയെന്ന തന്ത്രമാണ് പ്രതിഭകളെ കണ്ടെത്താനുള്ള കായികലോകം അംഗീകരിച്ച രീതിശാസ്‌ത്രം. അതിനാൽ സ്‌കൂൾ വിദ്യാർഥികൾ മുതൽ കോളേജ് വിദ്യാർഥികൾ വരെയുള്ള ചെറുപ്പമാണ് കളിപരിശീലനം നേടുന്നവർ.
കാര്യാംപറമ്പിലെ മൈതാനത്ത് സംസ്ഥാന ബാസ്‌കറ്റ് ബോൾ താരം അഞ്‌ജു പവിത്രൻ പരിശീലനം ഉദ്‌ഘാടനം ചെയ്‌തു. കെ സി ശ്രീനിവാസൻ, ടി വി അഭിനന്ദ്, കെ കെ പവിത്രൻ എന്നിവർ സംസാരിച്ചു.
Post a Comment