മൂന്ന് സെന്റിൽ താഴെ ഭൂമി ഉള്ളവർക്കും ഇനി സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ

സംസ്ഥാനത്ത് മൂന്ന് സെന്റില്‍ താഴെ ഭൂമി ഉള്ളവര്‍ക്കും സഹകരണ സംഘങ്ങളില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ വായ്പ അനുവദിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ അനുമതി നല്‍കി.

3 സെന്റിൽ താഴെ വിസ്തീർണം ഉള്ളതും വീട് ഇല്ലാത്തതുമായ സ്ഥലത്തിന്റെ ഈടിന്മേൽ വായ്പ അനുവദിക്കരുതെന്ന സഹകരണ നിയമത്തിലെ വ്യവസ്ഥ സാമ്പത്തിക പിന്നാക്ക അവസ്ഥയിലുള്ള നിരവധി പേർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി തത്തമംഗലം നെല്ലിക്കാട് പുത്തന്‍കളം ചന്ദ്രന്‍ ചാമി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

ഇത്തരം സ്ഥലങ്ങളുടെ ഈടിന്മേൽ വായ്പ നൽകി തുക കുടിശ്ശിക ആയാൽ തിരിച്ച് പിടിക്കാനുള്ള ജപ്തി നടപടി ക്രമങ്ങൾക്ക് ബുദ്ധിമുട്ട് ഉള്ളതിനാലാണ് വായ്പ മുമ്പ് നിഷേധിച്ചിരുന്നതെന്ന് സഹകരണ സംഘം രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വായ്പ അനുവദിക്കുന്നത് സംബന്ധിച്ച് ഇനി മുതൽ ബാങ്ക് ഭരണ സമിതിക്ക് തീരുമാനം എടുക്കാമെന്നും രജിസ്ട്രാർ വ്യക്തമാക്കിയിട്ടുണ്ട്.

സ്ഥലമൂല്യം കണക്കാക്കി വായ്പ തിരിച്ചടവ് ഉറപ്പാക്കിയും സംഘം നിയമാവലിക്ക് വിധേയമായും മാത്രമേ വായ്പ അനുവദിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലെ ജോയന്റ് രജിസ്ട്രാർമാരുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്