ജനാധിപത്യം തകർത്ത് സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ മോദി നയിക്കുന്നു: പ്രകാശ് കാരാട്ട് മയ്യിലിൽ പ്രസംഗിച്ചു

മയ്യിൽ : ജനാധിപത്യം തകർത്ത് സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കുകയാണ് നരേന്ദ്രമോദിയും എൻഡിഎ സർക്കാരും നടത്തുന്നതെന്ന് സിപിഐഎം പോളിറ്റ്ബ്യുറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് റാലികളിൽ സംസാരിക്കുകയായിരുന്നു കാരാട്ട്. ഏകാധിപത്യത്തിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് രണ്ട് മുഖ്യമന്ത്രിമാരെ ഹെമന്ത് സോറനെയും അരവിന്ദ് കെജ്‌രിവാളെയും തടവിലടച്ചത്. ഇവരുടെ പ്രവർത്തനം തെരഞ്ഞെടുപ്പിൽ അനുവദിക്കാതിരിക്കുകയാണ് ലക്ഷ്യം. ഭരണഘടന ഉറപ്പ് നൽകുന്ന മതി നിരപേക്ഷത പത്ത് വർഷം കൊണ്ട് തകർത്തു. ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം മതന്യൂനപക്ഷങ്ങൾ രണ്ടാംതര പൗരൻമാരായി കഴിഞ്ഞു. മൂന്നാമതും ബിജെപി അധികാരത്തിൽ വന്നാൽ ആർഎസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രത്തിലേക്കുള്ള യാത്ര എളുപ്പമാകും.

ഹിന്ദു രാഷ്ട്രം എന്നത് അദാനി- അംബാനി രാഷ്ട്രമാണ് ഉദ്യേശിക്കുന്നത്. സ്വതന്ത്രമായി ചിന്തിക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക മാധ്യമ പ്രവർത്തകരെ എല്ലാം ജയിലലടക്കുന്നു. കേന്ദ്ര ഏജൻസികളായ ഇഡി, സിബിഐ, ഐടി തുടങ്ങിയവരെയെല്ലാം ഉപയോഗിച്ച് പ്രതിപക്ഷ സംസ്ഥാനങ്ങളെയും വേട്ടയാടുന്നു. ഈ ഭരണകൂടം തന്നെയാണ് രാജ്യത്തെ കർഷകരെ തകർക്കാൻ നിയമങ്ങൾ കൊണ്ട് വന്നത്. അതു കൊണ്ടാണ് ലോക സഭയിൽ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം കൂട്ടണമെന്ന് പറയുന്നത്. ബദൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കും എന്നതിന്റെ ഉറപ്പാണ് ഇടതുപക്ഷത്തിന്റെ എണ്ണം വർധിപ്പിക്കുക എന്നുള്ളത്. കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല. മോദി പിന്തുടരുന്ന നയം കോൺഗ്രസിന്റെ നരസിംഹറാവു തുടങ്ങി വെച്ച സ്വകാര്യവൽക്കരണ ആഗോളവൽക്കരണം നയം ആണ്. ഇതിനെ എതിർക്കാൻ ഇടതുപക്ഷത്തിന്റെ എണ്ണം വർധിപ്പിക്കുക മാത്രമേ വഴിയുള്ളൂവെന്നും കാരാട്ട് പറഞ്ഞു.

മയ്യിൽ റാലിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, എൽഡിഎഫ് നേതാക്കളായ സിപി മുരളി, എൻ ചന്ദ്രൻ, ഇപിആർ വേശാല, കെ സാജൻ, മീത്തലെ കരുണൻ, കെ സി രാമചന്ദ്രൻ, കെ സന്തോഷ്, കെ ചന്ദ്രൻ, പി കെ ശ്യാമള, അബ്ദുറഹ്‌മാൻ പാവന്നൂർ എന്നിവർ സംസാരിച്ചു. കെ വി ഗോപിനാഥ് അധ്യക്ഷനായി. എൻ അനിൽകുമാർ സ്വാഗതം പറഞ്ഞു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്