ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു! നിർണായക മാറ്റങ്ങള്‍

ഗൂഗിൾ ലോകത്തെമ്പാടും അവരുടെ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന ഡേറ്റ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ഇന്ത്യയിൽ ഗൂഗിളിനു ഡേറ്റ സെന്ററില്ല. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഗൂഗിൾ ഏഷ്യയിൽ സ്ഥാപിക്കുന്ന നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിലാണ്. ഏഷ്യയിൽ ഗൂഗിളിന് സിംഗപ്പൂരിലും തായ്‌വാനിലും ജപ്പാനിലും 3 ഡേറ്റാ സെന്ററുകളാണുള്ളത്; ലോകമാകെ ഇരുപത്തിയഞ്ചിലേറെയും.

നവി മുംബൈയിലെ ജൂയ്‌നഗറിൽ 22.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചർച്ചകളിലാണ് ഗൂഗിൾ എന്നു ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പറേഷന്റെ (എംഐഡിസി) ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിനെടുത്തായിരിക്കും ഡേറ്റ സെന്റര്‍ ഒരുക്കുക. 2022ൽ നോയിഡയിൽ അദാനിയിൽനിന്ന് ഗൂഗിൾ ഡേറ്റ സെന്ററിനായി സ്ഥലം പാട്ടത്തിനെടുത്തെന്ന് റിപ്പോർട്ടുകള്‍ വന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായില്ല.
സെർച്ച്, ജിമെയിൽ, യൂട്യൂബ് തുടങ്ങിയ ഗൂഗിളിന്റെ സേവനങ്ങളെ ശക്തിപ്പെടുത്തുന്ന ബൃഹത്തായ സൗകര്യങ്ങളാണ് ഗൂഗിൾ ഡേറ്റാ സെന്ററുകൾ. ഈ കേന്ദ്രങ്ങളിൽ സെർവറുകളുടെ സഞ്ചയം, നെറ്റ്‌വർക്കിങ് ഉപകരണങ്ങൾ, കൂളിങ് സംവിധാനങ്ങൾ എന്നിവയുണ്ട്. ഇവ 24/7 ഇന്റർനെറ്റ് പിന്തുണ നിലനിർത്താൻ പ്രവർത്തിക്കുന്നു.  സുരക്ഷാ കാരണങ്ങളാൽ അവയുടെ കൃത്യമായ ലൊക്കേഷനുകൾ ലഭ്യമല്ലെങ്കിലും ഏകദേശ ധാരണകൾ കമ്പനി നൽകുന്നുണ്ട്. 

എന്താണുള്ളത്:
വലിയ സെർവറുകൾ: ഗൂഗിൾ‍ അവരുടെ ഡേറ്റാ സെന്ററുകൾക്കായി പ്രത്യേകം രൂപകൽപന ചെയ്‌ത സെർവറുകൾ ഉപയോഗിക്കുന്നു. അത് എത്രയുണ്ടെന്നതിന് ഔദ്യോഗിക കണക്കുകളില്ല.

താപ നിയന്ത്രണം: ഉപകരണങ്ങളെല്ലാം വളരെയധികം താപം സൃഷ്ടിക്കുന്നു, അതിനാൽ ഒപ്റ്റിമൽ താപനില നിലനിർത്താനും അമിതമായി ചൂടാകുന്നത് തടയാനും ഗൂഗിൾ നൂതന കൂളിങ് സംവിധാനങ്ങൾ ഉപയോഗിക്കുന്നു.

സുരക്ഷ: ഡേറ്റാ സെന്ററുകൾ കോട്ടകള്‍ പോലെ സുശക്തം. സുരക്ഷാ ബാഡ്‌ജുകൾ, നുഴഞ്ഞുകയറ്റം കണ്ടെത്തൽ സംവിധാനങ്ങൾ, ചില മേഖലകളിൽ ലേസർ ബീമുകൾ എന്നിവയുൾപ്പെടെയുള്ള ഒന്നിലധികം സുരക്ഷാ നടപടികൾ ഉപയോഗിച്ച് ആക്‌സസ് കർശനമായി നിയന്ത്രിക്കപ്പെടുന്നു.ഒപ്പം ഡേറ്റ എൻക്രിപ്റ്റ് ചെയ്യുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്