കൊളച്ചേരി ഗ്രാമ പഞ്ചായത്തിൽ മാലിന്യ സംസ്ക്കരണ രംഗത്തെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടു സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഒന്നര ക്വിന്റലിൽ അധികം വരുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത ഷാർജ സൂപ്പർ മാർക്കറ്റിന് പതിനായിരം രൂപയാണ് പിഴ ചുമത്തിയത്. ഒറ്റത്തവണ ഉപയോഗ നിരോധിത വസ്തുക്കളായ പ്ലാസ്റ്റിക് ക്യാരി ബാഗ്, പ്ലാസ്റ്റിക് പേപ്പർ ഗ്ലാസുകൾ, പ്ലാസ്റ്റിക് പേപ്പർ ഇല, പ്ലാസ്റ്റിക് ഗാർബേജ് ബാഗ്, തെർമോകോൾ പേപ്പർ പ്ലേറ്റുകൾ, പ്ലാസ്റ്റിക് സ്പൂൺ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
കൂടാതെ ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ അലക്ഷ്യമായി കൈകാര്യം ചെയ്ത് കൂട്ടിയിട്ടതിന് മലബാർ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് രണ്ടായിരം രൂപയും പിഴ ചുമത്തി.
രണ്ടു സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കി തുടർനടപടികൾ സ്വീകരിക്കുന്നതിന് സ്ക്വാഡ് കൊളച്ചേരി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി.
എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ് നേതൃത്വം നൽകിയ പരിശോധനയിൽ സ്ക്വാഡ് അംഗം ഷറീകുൽ അൻസാർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. നിവേദിത എന്നിവർ പങ്കെടുത്തു.
Post a Comment