Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL 'മലയാളത്തിന്റെ മുത്തശ്ശി' ഇനിയില്ല; ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

'മലയാളത്തിന്റെ മുത്തശ്ശി' ഇനിയില്ല; ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

നന്ദനം, കല്യാണരാമന്‍, ഗ്രാമഫോണ്‍ തുടങ്ങിയ സിനിമകളിലെ സുബ്ബലക്ഷ്മിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.

നടിയും കര്‍ണാടക സംഗീതജ്ഞയുമായ ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയിലെ മുത്തശ്ശിയായാണ് ആര്‍ സുബ്ബലക്ഷ്മി അറിയപ്പെട്ടിരുന്നത്. 2002ൽ ഇറങ്ങിയ രഞ്ജിത് ചിത്രം നന്ദനത്തിലെ വേശാമണിയമ്മയായാണ് സുബ്ബലക്ഷ്മി അഭിനയരംഗത്തേക്ക് എത്തിയത്. ഇതിനോടകം ചെറുതും വലുതുമായി അനേകം വേഷങ്ങളിലൂടെ ശ്രദ്ധ നേടി. മുത്തശ്ശി കഥാപാത്രങ്ങളെ മനോഹരമാക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. തുടക്കകാലത്ത് കല്യാണരാമന്‍, ഗ്രാമഫോണ്‍ തുടങ്ങിയ സിനിമകളിലെ സുബ്ബലക്ഷ്മിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
സിനിമയിലേക്ക് എത്തും മുമ്പ് ജവഹര്‍ ബാലഭവനില്‍ സംഗീത-നൃത്ത അദ്ധ്യാപികയായിരുന്നു സുബ്ബലക്ഷ്മി. 1951 മുതല്‍ ആകാശവാണിയിലും സ്ഥിരം സാന്നിധ്യമായിരുന്നു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിതാ സംഗീതസംവിധായികയെന്ന നേട്ടവും സുബ്ബലക്ഷ്മി സ്വന്തം പേരിൽ കുറിച്ചു. കർണാടക സംഗീത രംഗത്ത് ഏറെ പ്രഗത്ഭയായ സുബ്ബലക്ഷ്മി നിരവധി കച്ചേരികള്‍ നടത്തിയിട്ടുണ്ട്. ഡബ്ബിംഗ് രംഗത്തും കഴിവ് തെളിയിച്ചു. സിനിമകൾക്കൊപ്പം ചില ടെലിഫിലിമുകളിലും ആല്‍ബങ്ങളിലും സീരിയലുകളിലും സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
കല്യാണരാമന്‍, സി.ഐ.ഡി മൂസ, സൗണ്ട് തോമ, തിളക്കം, പാണ്ടിപ്പട, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ സുബ്ബലക്ഷ്മി വേഷമിട്ടു. കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദില്‍ബേചാര, രാമന്‍ തേടിയ സീതൈ, ഹൗസ് ഓണര്‍, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇന്‍ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയവയാണ് അന്യഭാഷാ ചിത്രങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലാണ് അഭിനയിച്ചത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്