ഈ ദുർഗന്ധം നാടെങ്ങും പരക്കും മുമ്പേ ഈ പട്ടിയുടെ ശവം കുഴിച്ചു മൂടണം'; കേരള പദയാത്രയുടെ വിളംബരമായി വീട്ടുമുറ്റ നാടകം

മയ്യിൽ: 'ഈ ദുർഗന്ധം നാടെങ്ങും പരക്കും മുമ്പേ ഈ പട്ടിയുടെ ശവം കുഴിച്ചു മൂടണം.'

അവന്തിക എന്ന കുട്ടി കൈക്കോട്ടുകൾ സദസ്സിന് കൈമാറുന്നതോടെ കാണികളുടെ കയ്യടി ഉയരുകയായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള പദയാത്രയുടെ വിളംബരമായി മയ്യിൽ മേഖലാ കമ്മറ്റി സംഘടിച്ച ശാസ്ത്ര സായാഹ്ന പരിപാടിയിലാണ് അന്ധവിശ്വാസങ്ങൾക്കെതിരായ ആഹ്വാനവുമായി വീട്ടുമുറ്റ നാടകം അവതരിപ്പിക്കുന്നത്. നായയെ ശുനക സ്വാമിയായി സങ്കല്പിച്ച് വിശ്വാസ ചൂഷണം നടത്തുന്നതിനിടയിൽ നായ ചത്തുപോവുന്നു. അതിന് പുനർജന്മമുണ്ടാവുമെന്ന വിശ്വാസത്തിൽ കുഴിച്ചുമൂടാതെ പ്രാർഥനകൾ നടത്തുന്നു.രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ അനുശോചനവുമായെത്തുന്നു.സമകാലിക കേരളത്തിലെ സംഭവങ്ങൾ ഓർമ്മിപ്പിക്കുന്ന നാടകം ശാസ്ത്ര ബോധത്തിൻ്റെയും യുക്തിചിന്തയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നുണ്ട്. മയ്യിൽ മങ്കുഴിയിൽ നടന്ന വീട്ടുമുറ്റ സദസ്സിൽ വെച്ച് ശാസ്ത്ര സായാഹ്നങ്ങളുടെ മേഖലാതല ഉദ്ഘാടനം നടന്നു. പി.കെ.പ്രഭാകരൻ അധ്യക്ഷനായി. പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം വി.വി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻ്റ് കെ.സി.പത്മനാഭൻ, മേഖലാ സെക്രട്ടരി പി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. മയ്യിൽ യൂനിറ്റ് സെക്രട്ടരി കൃഷ്ണൻ മയ്യിൽ സ്വാഗതം പറഞ്ഞു. സി.കെ.അനൂപ് ലാൽ, സുധീർ ബാബു കരിങ്കൽക്കുഴി, സി.വിനോദ്, പി.വി.ഉണ്ണികൃഷ്ണൻ, സി.മുരളീധരൻ, അവന്തിക എന്നിവരാണ് നാടകസംഘത്തിലുള്ളത്.തുടർന്നുള്ള ദിവസങ്ങളിൽ വീട്ടുമുറ്റങ്ങളിൽ ശാസ്ത്ര സായാഹ്നങ്ങൾ നടക്കും.





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്