കണ്ണൂർ: വർഷങ്ങൾക്കുമുമ്പ് പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന യഥാർത്ഥ കൊലപാതകവും അതിന്റെ അന്വേഷണവുമാണ് സിനിമയാകുന്നത്. റിട്ടയേർഡ് എസ്.പി. പി.പി. സദാനന്ദൻ രചിച്ച 'സത്യത്തിന്റെ സാക്ഷി' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
ശ്രീകണ്ഠപുരം സ്വദേശിയും ഇംഗ്ലണ്ടിലെ എൻഡോക്രൈനോളജിസ്റ്റുമായ ഡോ. പാപ്പച്ചൻ ജോസഫ് നവീൻ ക്രിയേഷൻസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നു. സന്തോഷ് മുണ്ടൂർ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ പി.പി. സദാനന്ദൻ, പാപ്പച്ചൻ ജോസഫ്, സന്തോഷ് മുണ്ടൂർ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ, നിഷാന്ത് സാഗർ, ഹരീഷ് കണാരൻ, സിബി തോമസ്, സന്തോഷ് കീഴാറ്റൂർ, ദുർഗ, നിഷ സാരംഗ്, ഐശ്വര്യ തുടങ്ങിയ പ്രമുഖ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തളിപ്പറമ്പ്, പരിയാരം, പട്ടുവം തുടങ്ങിയ പ്രദേശങ്ങളിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 'വെള്ളിമൂങ്ങ', 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജിബു ജേക്കബാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കൈതപ്രം ഗാനരചന നിർവഹിക്കുന്ന ചിത്രത്തിന് രഞ്ജിൻ രാജ് വർമ്മയാണ് സംഗീതം ഒരുക്കുന്നത്.
യഥാർത്ഥ സംഭവവും അതിന്റെ അന്വേഷണ വഴികളും വെള്ളിത്തിരയിലെത്തുന്ന ചിത്രം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment