ചെങ്ങളായി: കുഞ്ഞുമനസ്സുകളിലെ കലാവാസനകൾക്ക് നിറവും താളവും പകർന്ന് ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ അംഗൻവാടി കലാമേള 'പോപ്പിൻസ്' അരങ്ങേറി. നാണവും കൗതുകവും നിറഞ്ഞ മുഖങ്ങളുമായി ആദ്യമായി വേദിയിലെത്തിയ കുരുന്നുകൾ പാട്ടും നൃത്തവും വിവിധ കലാപരിപാടികളുമായി കാണികളുടെ മനം കവർന്നു.
കൊച്ചു തുമ്പികളായും വർണ്ണപ്പൂമ്പാറ്റകളായും വേഷമണിഞ്ഞെത്തിയ കുട്ടികളുടെ പ്രകടനങ്ങൾ നിറഞ്ഞ സദസ്സിന് വേറിട്ട അനുഭവമായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രോത്സാഹനം കുട്ടികളുടെ ആവേശം ഇരട്ടിയാക്കി.
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 37 അംഗൻവാടികളെയും പങ്കെടുപ്പിച്ച് കലാമേള സംഘടിപ്പിച്ചത്. നാനൂറിലധികം കുട്ടികൾ പങ്കെടുത്ത മേളയിൽ ഓരോ കുട്ടിക്കും കലാപ്രകടനത്തിന് അവസരം ലഭിച്ചു. മത്സരങ്ങൾക്കപ്പുറം പങ്കാളിത്തത്തിനും പ്രോത്സാഹനത്തിനും പ്രാധാന്യം നൽകിയെന്നതാണ് പോപ്പിൻസിന്റെ പ്രത്യേകത. എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകിയാണ് സംഘാടകർ കുരുന്നുകളെ ആദരിച്ചത്.
പെരിന്തലേരി സി.ആർ.സി ഓഡിറ്റോറിയത്തിൽ ഫ്ലവേഴ്സ് ചാനൽ ടോപ് സിംഗറിലൂടെ ശ്രദ്ധേയരായ കാത്തു കുട്ടിയും കേദാറും ചേർന്ന് കൂട്ടഗാനം ആലപിച്ച് കലാമേള ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപിന ബി.പി. അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. രവി, ബ്ലോക്ക് മെമ്പർ എ.വി. ഭവാനി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. രാജൻ, ശൈലേഷ് ബാബു, ടി. രാജ്കുമാർ, എം.കെ. ഭാസ്കരൻ, ഇ.പി. സുധീഷ്, ഇ. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
മത്സരമില്ല, പരിഭവമില്ല; ഓരോ കുരുന്നിനും ഒരു വേദി, ഓരോ കുഞ്ഞുപ്രതിഭയ്ക്കും ഒരു സമ്മാനം. അതായിരുന്നു പോപ്പിൻസ് കലാമേളയുടെ ഏറ്റവും വലിയ പ്രത്യേകത.

Post a Comment