കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും ആത്മ കണ്ണൂർ – ഇരിക്കൂർ ബ്ലോക്കിന്റെയും മയ്യിൽ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ 2026–27 വർഷത്തെ പദ്ധതിയുടെ ഭാഗമായി തണ്ണിമത്തൻ കൃഷി – പരിപാലന മുറകൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന RPL (Recognition of Prior Learning) അടിസ്ഥാനമാക്കിയുള്ള ദ്വിദിന പരിശീലന പരിപാടിയുടെ ഒന്നാം ദിവസത്തെ ക്ലാസ് 2026 ഒക്ടോബർ 28-ന് മയ്യിൽ കൃഷിഭവൻ ഹാളിൽ നടന്നു.
മയ്യിൽ കൃഷി ഓഫീസർ ശ്രീമതി. കെസിയ ചെറിയാൻ സ്വാഗതം ആശംസിച്ച ചടങ്ങ് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിനോദ് കുമാർ സി. സി. പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
മയ്യിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ടി. കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രൊഫസർ ആൻഡ് ഹെഡ് ഡോ. മീരാ മഞ്ജുഷ പരിശീലന ക്ലാസ് കൈകാര്യം ചെയ്തു.
കർഷകരുടെ നിലവിലുള്ള കൃഷിപരിചയവും പ്രായോഗിക അറിവും പരിഗണിച്ച് ശാസ്ത്രീയ കൃഷിരീതികളിൽ കൂടുതൽ അറിവും നൈപുണ്യവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
തണ്ണിമത്തൻ കൃഷിക്ക് അനുയോജ്യമായ മണ്ണും കാലാവസ്ഥയും, മികച്ച ഇനങ്ങളുടെ തിരഞ്ഞെടുപ്പ്, നിലമൊരുക്കൽ, വിത്ത് നടീൽ, വളപ്രയോഗം, ജലസേചനം, കീടരോഗ നിയന്ത്രണം, വിളപരിപാലനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ക്ലാസിൽ വിശദീകരിച്ചു.
കർഷകരുടെ കൃഷിയനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും തണ്ണിമത്തൻ കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും അവസരം ലഭിച്ചു. ശാസ്ത്രീയ കൃഷിരീതികൾ സ്വീകരിക്കുന്നതിലൂടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും മികച്ച വരുമാനം നേടുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. ചടങ്ങിന് ആത്മ ഇരിക്കൂർ ബ്ലോക്ക് ടെക്നോളജി മാനേജർ ശ്രീമതി ശരണ്യ ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.
തണ്ണിമത്തൻ കൃഷിയെക്കുറിച്ചുള്ള കർഷകരുടെ അറിവും നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനും ശാസ്ത്രീയ കൃഷിരീതികൾ പരിചയപ്പെടുത്തുന്നതിനും ഒന്നാം ദിവസത്തെ പരിശീലനം സഹായകരമായി. പരിശീലനത്തിന്റെ രണ്ടാം ദിവസത്തെ ക്ലാസും സർട്ടിഫിക്കറ്റ് വിതരണവും 29.10.2026-ന് നടക്കും.


Post a Comment