ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ വീണ്ടും വര്‍ദ്ധനവ് വരുത്തി. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് 62 രൂപ മുതല്‍ 65 രൂപ വരെയാണ് എണ്ണക്കമ്പനികള്‍ കൂട്ടിയത്. അതേസമയം, സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകി ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.
വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നതോടെ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ വാണിജ്യ സിലിണ്ടറിന്റെ പുതിയ നിരക്കുകള്‍ ഉയര്‍ന്നു. കൊച്ചിയില്‍ 19 കിലോ സിലിണ്ടറിന്റെ വില 2,828 രൂപയായി. തിരുവനന്തപുരത്ത് 2,849 രൂപയും കോഴിക്കോട് 2,860.05 രൂപയുമാണ് പുതിയ നിരക്ക്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 62.50 രൂപയുടെ വര്‍ദ്ധനവോടെ വില 2,810 രൂപയിലെത്തി. ഗാര്‍ഹിക സിലിണ്ടറുകള്‍ തിരുവനന്തപുരത്ത് 951 രൂപയ്ക്കും, കൊച്ചിയില്‍ 949 രൂപയ്ക്കും, കോഴിക്കോട് 950.05 രൂപയ്ക്കും മാറ്റമില്ലാതെ തുടരും
പാചകവാതകത്തിന് പുറമെ വ്യോമയാന ഇന്ധനത്തിനും (എടിഎഫ്) വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 16 രൂപയാണ് കൂട്ടിയത്. ഇതോടെ വ്യോമയാന ഇന്ധനത്തിന്റെ വില ലിറ്ററിന് 137 രൂപയായി ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വില വിലയിരുത്തി എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ വിതരണ കമ്പനികള്‍ എല്‍പിജി, ഇന്ധന നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ നിരക്ക് കുത്തനെ കൂടിയത് ഹോട്ടലുകള്‍, തട്ടുകടകള്‍ തുടങ്ങിയ ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് കനത്ത തിരിച്ചടിയാകും.

Post a Comment