മയ്യിൽ : മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നയിക്കുന്ന കോൺഗ്രസ്-എസ്സും എൻ.സി.പി യിലെ എ.കെ.ശശീന്ദ്രൻ വിഭാഗവും ചേർന്ന് ഒരു പുതിയ പാർട്ടിയാവുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്ന സാഹചര്യത്തിൽ കോൺഗ്രസ് എസിലെ മുൻനിര നേതാവ് കെ.സി. സോമൻ നമ്പ്യാർ പാർട്ടിയിൽ നിന്ന് രാജി വെച്ചേക്കും. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കാനാണ് തീരുമാനം. എ.കെ.ആന്റണി, എസ്. വരദരാജൻ നായർ ,പി.സി. ചാക്കോ , എ.സി ഷൺമുഖദാസ്, കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ ഇന്ദിരാകോൺഗ്രസ്സിനോട് വിടപറഞ്ഞ് ഇടതുപക്ഷത്തോടൊപ്പം ചേർന്ന കോൺഗ്രസ് എ. വിഭാഗത്തിനൊപ്പം സജീവമായി രംഗത്തുണ്ടായിരുന്ന പ്രവർത്തകനാണ് സോമൻ നമ്പ്യാർ . എ കെ ആന്റണിയുടെ നേതൃത്വത്തിൽ പ്രബല വിഭാഗം ഐ. വിഭാഗത്തിലേക്ക് തിരിച്ചു പോയപ്പോഴും പിന്നീട് പി.സി.ചാക്കോയടക്കമുള്ളവരുടെ വിഭാഗം വിട്ടുപോയപ്പോഴും കടന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് എസ്സിൽ ഉറച്ചു നിൽക്കുകയായിരുന്നു നമ്പ്യാർ . 1980-ലെ കോൺഗ്രസ്.എ വിഭാഗത്തിന്റെ കാലo മുതൽ ബ്ലോക്ക് ജില്ലാ തലo മുതൽ ഭാരവാഹിത്വത്തിലും സംസ്ഥാന നിർവാഹക സമിതിയിലും പ്രവർത്തിച്ചിട്ടുണ്ട്. ആർ. ബാലകൃഷ്ണപിള്ള യോടൊപ്പം സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ്റെ ഡയറക്ടർ ആയി പത്തു വർഷത്തോളം പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. .എൻ.സി.പി. പിളർന്ന് ശശീന്ദ്രൻ മറ്റൊരു ഗ്രൂപ്പുണ്ടാക്കിയതും കോൺഗ്രസ് എസ്സുമായി ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കുന്നതും എന്ത് ആദർശത്തിന്റെ പേരിലാണെന്നറിയണമെന്നും അദ്ധേഹത്തിൻ്റെ കുറിപ്പിലുണ്ട്. പല തവണ മറുകണ്ടം ചാടിയ എ.കെ.ശശീന്ദ്രൻ ഗ്രൂപ്പുമായി ചേരാൻ കോൺഗ്രസ് എസിന്റെ പേരും കൊടിയും മാറ്റുന്നതിന് രാമചന്ദ്രൻ കടന്നപ്പള്ളി എന്തുകൊണ്ട് തയ്യാറാകരുതെന്നും. ജനങ്ങളിൽ അവമതിപ്പുണ്ടാക്കാനേ ഈ പുതിയ നീക്കങ്ങൾ ഇടയാക്കുകയുള്ളൂ എന്നും പോസ്റ്റിലുണ്ട്.

Post a Comment