മയ്യിൽ: വർഷങ്ങളായി കയരളം മേഖലയിലെ ജനജീവിതം ദുസ്സഹമാക്കുന്ന ആഫ്രിക്കൻ ഒച്ചുകളുടെ ശല്യത്തിന് ശാസ്ത്രീയമായ പരിഹാരവുമായി കയരളം എ യു പി സ്കൂളിലെ സയൻസ് ക്ലബ്ബ്.
പ്രദേശത്ത് വിളിക്കാതെ വന്നെത്തിയ അതിഥി പ്രദേശത്ത് ദുരിതം വിതച്ചതോടെ വിദ്യാർഥികളും പോംവഴിയെ കുറിച്ച് ആലോചിക്കുകയായിരുന്നു. കാർഷിക വിളകൾ നശിപ്പിക്കുകയും വീടും പരിസരവും മലിനമാക്കുകയും ചെയ്യുന്ന ഈ അധിനിവേശ ജീവിയെ തുരത്താൻ കുട്ടികൾ കണ്ടെത്തിയ വഴികൾ തികച്ചും പ്രായോഗികമാവുകയാണ്. കാബേജോ മുരിങ്ങയിലയോ ചക്ക മടലോ ഉപയോഗിച്ച് ഈസ്റ്റ് ലായനിയിൽ തീർത്ത പ്രത്യേക തീറ്റ കെണികൾ വഴി ഒച്ചുകളെ ആകർഷിച്ചു നശിപ്പിക്കുന്നതും വിഷരഹിതമായ രീതികൾ അവലംബിക്കുന്നതും അഭിനന്ദനീയമാണ്. കൂടാതെ മയ്യിൽ പഞ്ചായത്തും കേരള കാർഷിക സർവ്വകലാശാലയും ചേർന്ന് വിതരണം ചെയ്ത താറാവ് കുഞ്ഞുങ്ങൾ ഒച്ചിന്റെ മുട്ടകളെ ഭക്ഷിച്ച് നശിപ്പിക്കുന്നുണ്ടെന്ന കണ്ടെത്തൽ ഒരു പുതിയ കാർഷിക സംസ്കാരത്തിന് വഴിയൊരുക്കുന്നു. താറാവ് കൃഷി കൂടുതൽ വീടുകളിലേക്ക് വ്യാപിപ്പിക്കണമെന്ന നിർദ്ദേശവും പഠനം മുന്നോട്ടുവയ്ക്കുന്നു. ഒച്ചിന്റെ തോടുകൾ ഒച്ചിനെ നശിപ്പിച്ച ശേഷം കൃഷിയിടത്തിൽ കാൽസ്യത്തിനായി ഉപയോഗിക്കാം എന്ന ആശയവും വേറിട്ടുനിൽക്കുന്നു. ഈ സ്നോഫിലിക്ക് മെനിഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരാണ് ആഫ്രിക്കൻ ഒച്ചുകൾ. അതുകൊണ്ടുതന്നെ ഇവയുടെ നിയന്ത്രണം അടിയന്തര പ്രാധാന്യമർഹിക്കുന്നു. കൃത്യമായ ഒരു ദിവസം ആസൂത്രണം ചെയ്തു നിയന്ത്രണ മാർഗങ്ങൾ പ്രദേശത്തൊട്ടാകെനടപ്പിലാക്കിയാൽ മാത്രമേ ഇവയുടെ നിയന്ത്രണം പൂർണ്ണമാക്കാൻ സാധിക്കൂ എന്ന ആശങ്കയും കുട്ടികൾ പങ്കുവെക്കുന്നു. ഈ പഠനത്തെ ക്ലബ് അംഗങ്ങളായ ശ്രീദേവ്ന സി കെ, അൻവിയ എ എന്നിവർ തളിപ്പറമ്പ് സൗത്ത് സബ്ജില്ല ശാസ്ത്രോത്സവത്തിൽ അവതരിപ്പിക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. പഠനത്തിന് സ്കൂൾ സയൻസ് ക്ലബ്ബ് കോർഡിനേറ്റർ സി.ഒ. ആതിര, അധ്യാപകരായ എൻ.സി. ഷീല, കെ.പി.ഹേമലത എന്നിവർ നേതൃത്വം നൽകി. പഠനത്തിന് പ്രദേശത്തെ കർഷകരായ കെ വി സുധാകരൻ, പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു.

Post a Comment