Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ക്ലാസില്‍ തലകറങ്ങി വീണ ആറാം ക്ലാസുകാരിയോട് മനുഷ്യത്വരഹിത പെരുമാറ്റം

ക്ലാസില്‍ തലകറങ്ങി വീണ ആറാം ക്ലാസുകാരിയോട് മനുഷ്യത്വരഹിത പെരുമാറ്റം

ഇരിട്ടി: കുന്നോത്ത് സെന്റ് ജോസഫ്‌സ് യു .പി സ്‌കൂളില്‍ രോഗാതുരയായി ക്‌ളാസ് മുറിയില്‍ തലകറങ്ങി കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനിയോട് കന്യാസ്ത്രീയായ അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ താല്‍ക്കാലികമായി മാനേജ്‌മെന്റ് ജോലിയില്‍ നിന്ന് മാറ്റി. തലശ്ശേരി രൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയാണ് അധ്യാപികയെ മാറ്റിയത്. സംഭവം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

സ്‌കൂളിലെ ക്‌ളാസ് മുറിയില്‍ തലകറങ്ങി വീണ വിദ്യാര്‍ത്ഥിനിയോട് കന്യാസ്ത്രീയായ അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്നായിരുന്നു ആരോപണം. ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂള്‍ അധ്യാപിക സിസ്റ്റര്‍ ലിന്റോ ജോസിനെതിരെയാണ് പരാതി. തലകറങ്ങി വീണ കുട്ടിയോട് അധ്യാപിക 'ചത്തില്ലേ' എന്ന് ചോദിച്ചതായും വീണുകിടന്ന കുട്ടിയെ ചവിട്ടിയതായും രക്ഷിതാക്കള്‍ മാനേജ്‌മെന്റിന് നല്‍കിയ പരാതിയില്‍ ആരോപണമുണ്ട്. സംഭവത്തില്‍ കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സിസ്റ്റര്‍ ലിന്റോയെ പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്.

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് കന്യാസ്ത്രീയായ അധ്യാപികയില്‍ നിന്നും ദുരനുഭവം ഉണ്ടായത്. രക്തത്തിലെ സോഡിയത്തില്‍ വ്യതിയാനം വരുന്ന കുട്ടി സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ട്. ഇ ഈക്കാര്യം സ്‌കൂള്‍ അധികൃതര്‍ക്കും അറിയാവുന്നതാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. ബുധനാഴ്ച്ച ഉച്ചയോടെ കുട്ടി തലകറങ്ങി വീഴുകയായിരുന്നു. സഹപാഠികള്‍ വിവരം പ്രധാനാധ്യപകനെ അറിയിക്കാനായി മുറിയിലെത്തിയപ്പോള്‍ കുട്ടി എന്ത് കൊണ്ട് നേരിട്ട് തന്നോട് വിവരം അറിയിച്ചില്ല എന്ന മറുപടിയാണ് ക്ലാസ് ടീച്ചര്‍ നല്‍കിയതെന്ന് കുട്ടികള്‍ ആരോപിച്ചു. തുടര്‍ന്ന് ക്ലാസിലെത്തിയ അധ്യാപിക അപ്പോഴും നിലത്ത് തന്നെ കിടക്കുകയായിരുന്ന കുട്ടിയെ ചവിട്ടിയെന്നും പറയുന്നു. വിവരമറിഞ്ഞ രക്ഷിതാക്കള്‍ ഈക്കാര്യം ചോദ്യം ചെയ്തപ്പോള്‍ ആദ്യം അധ്യാപിക ആരോപണം നിഷേധിക്കുകയായിരുന്നു. പിന്നാലെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തുകയായിരുന്നു.

അധ്യാപിക കുട്ടിയെ ചവിട്ടുകയോ അധിക്ഷേപ പരാമര്‍ശം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ കൃത്യമായ രീതിയില്‍ കുട്ടിയെ പരിഗണിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന കുറ്റസമ്മതം കന്യാസ്ത്രീയായഅധ്യാപിക നടത്തിയതായാണ് വിവരം.

ഇതിനിടെകുന്നോത്ത് സെന്റ് ജോസഫ്സ് യു.പി സ്‌കൂളിലെ സംഭവത്തില്‍ വസ്തുതാന്വേഷണത്തിന് സമിതിയെ നിയോഗിച്ചതായി മാനേജ് മെന്റ് അറിയിച്ചു.

കുന്നോത്ത് സെന്റ് ജോസഫ്സ് യു.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയുടെ അസുഖവുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ ലഭിച്ച പരാതി കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പരാതിക്കാരുടെ ആശങ്കകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുതന്നെ സുതാര്യമായ നടപടികള്‍ മാനേജ്മെന്റ് സ്വീകരിച്ചിട്ടുണ്ട്. തുടര്‍നടപടികളുടെ ഭാഗമായി, ഈ അധ്യാപിക 30 ദിവസത്തെ താല്‍ക്കാലിക അവധി ഒഴിവിലേക്ക് മാത്രം നിയമിതയായ വ്യക്തിയായതിനാലും,വിഷയത്തില്‍ സ്വതന്ത്രവും നീതിപൂര്‍വ്വവുമായ അന്വേഷണം ഉറപ്പാക്കേണ്ടതിനാലും ഇവരെ സ്‌കൂളിലെ ചുമതലകളില്‍ നിന്ന് അന്വേഷണവിധേയമായി മാറ്റിനിര്‍ത്തി.

സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ സമഗ്രമായി പരിശോധിക്കുന്നതിനായി പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. മൂന്ന് ദിവസത്തിനകം ഈ സമിതി പൂര്‍ണ്ണ റിപ്പോര്‍ട്ട് മാനേജ്മെന്റിന് സമര്‍പ്പിക്കും. സമിതി സമര്‍പ്പിക്കുന്ന വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ ഉചിതമായ തുടര്‍നടപടികള്‍ ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ അന്വേഷണങ്ങളോടും മാനേജ്മെന്റ് പൂര്‍ണ്ണമായും സഹകരിക്കുന്നതാണ്.

വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നതിനൊപ്പം, ഇരുപക്ഷത്തിന്റെയും ഭാഗം തുല്യ നീതിയോടെ കേട്ട് ഉചിതമായ തീരുമാനങ്ങളിലെത്താന്‍ മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് കോര്‍പ്പറേറ്റ് മാനേജര്‍ കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സി ഭാരവാഹികള്‍ അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്