Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL _പാമ്പുരുത്തി ദ്വീപിലെ അനധികൃത മണൽവാരൽ:_ അടിയന്തര നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി

_പാമ്പുരുത്തി ദ്വീപിലെ അനധികൃത മണൽവാരൽ:_ അടിയന്തര നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി

 


കൊളച്ചേരി: ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവുകൾ ലംഘിച്ച് വളപട്ടണം പുഴയിലെ പാമ്പുരുത്തി ദ്വീപിന് ചുറ്റും നടക്കുന്ന വ്യാപകമായ അനധികൃത മണൽവാരൽ തടയണമെന്നും, രൂക്ഷമായ കരയിടിച്ചിലിൽ നിന്ന് ദ്വീപിനെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് (പാമ്പുരുത്തി) മെമ്പർ കെ.സി. ഫാസില ജില്ലാ കളക്ടർക്ക് നിവേദനം നൽകി.  

ഹരിത ട്രിബ്യൂണൽ ഉത്തരവ് പ്രകാരം വളപട്ടണം പുഴയിൽ മണലെടുപ്പ് പൂർണ്ണമായി നിരോധിച്ചിട്ടുണ്ടെങ്കിലും, നിയമങ്ങൾ കാറ്റിൽപ്പറത്തി രാപ്പകലില്ലാതെ നിരോധിത യന്ത്രങ്ങൾ ഉപയോഗിച്ച് നിരവധി ലോഡ് മണലാണ് മാഫിയ സംഘങ്ങൾ കടത്തുന്നത്. അടിത്തട്ട് ആഴത്തിൽ തുരന്നുള്ള അനിയന്ത്രിതമായ ഈ മണലെടുപ്പ് കാരണം ദ്വീപിന്റെ സംരക്ഷണഭിത്തികളും തെങ്ങുകളും പുഴയിലേക്ക് ഇടിഞ്ഞുതാഴുകയും, നിരവധി കുടുംബങ്ങളുടെ വീടുകൾ അപകടാവസ്ഥയിലാവുകയും ചെയ്തിട്ടുണ്ട്.  

കൂടാതെ, പുഴയിലെ മണൽത്തട്ട് ഇല്ലാതാകുന്നതോടെ വേനലിൽ ഉപ്പുവെള്ളം കയറി പ്രദേശത്തെ കിണറുകളിലെല്ലാം ഉപ്പുരസം പടർന്ന് കുടിവെള്ള ക്ഷാമം ഉണ്ടാകാനും ഇടയുണ്ട്. അതോടൊപ്പം കണ്ടൽക്കാടുകളുടെ വംശനാശത്തിനും മത്സ്യസമ്പത്തിന്റെ നാശത്തിനും ഇത് കാരണമാകുന്നു.


ഇത് സംബന്ധമായി മയ്യിൽ പോലീസിൽ പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്. പാമ്പുരുത്തിയിലും പരിസര കടവുകളിലും റവന്യൂ-പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക നിരീക്ഷണ സ്ക്വാഡും പട്രോളിംഗും ഏർപ്പെടുത്തണമെന്നും, മണൽ കടത്തുന്ന തോണികളും വാഹനങ്ങളും പിടിച്ചെടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കലക്ടറുടെ അസാന്നിധ്യത്തിൽ കണ്ണൂർ എ ഡി എം. പി എൻ പുരുഷോത്തമൻ നിവേദനം ഏറ്റുവാങ്ങി. പാമ്പുരുത്തി ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ പി അബ്ദുൽ സലാം, എസ് ടി യു ജനറൽ സെക്രട്ടറി കെ ആദംകുട്ടി 

എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

 

വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി (റൂറൽ), തളിപ്പറമ്പ് ആർ.ഡി.ഒ, തഹസിൽദാർ എന്നിവർക്കും നിവേദനത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്