Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഓണം കളറാക്കാം; കൈത്തറി വസ്ത്ര പ്രദർശന വിപണന മേള തുടങ്ങി

ഓണം കളറാക്കാം; കൈത്തറി വസ്ത്ര പ്രദർശന വിപണന മേള തുടങ്ങി

കൈത്തറി വസ്‌ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപുലമായ ശേഖരവുമായി സംസ്ഥാന കൈത്തറി വസ്ത്ര കരകൗശല മേള തുടങ്ങി.
നാഷണൽ ഹാൻഡ്ലൂം ഡവലപ്മെൻറ് പ്രോഗ്രാം പദ്ധതിയിലുൾപ്പെടുത്തി സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കണ്ണൂർ പോലീസ് മൈതാനിയിൽ പ്രദർശന വിപണന മേള നടക്കുന്നത്. ടി.ഒ മോഹനൻ എംഎൽഎ മേള ഉദ്ഘാടനം ചെയ്തു.
കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപക് അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ പി. ഇന്ദിര തീം പവലിയൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനോയ് കുര്യൻ ആദ്യ വില്പന നിർവഹിച്ചു. ജില്ലാ കളക്ടർ പി. വിഷ്ണുരാജ് മുഖ്യാതിഥിയായി.

ചടങ്ങിൽ 32 നെയ്ത്ത് സഹകരണ സംഘങ്ങളിലെ മുതിർന്ന നെയ്ത്തുകാരെ ആദരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. അജിമോൻ, വീവേഴ്‌സ് സെൻ്റർ ഡെപ്യൂട്ടി ഡയറക്ടർ എം. ആനന്ദൻ, സീനിയർ ഓഫീസർ പി. ജിബിൻ, അരക്കൻ ബാലൻ, കൊല്ലോം മോഹനൻ, ഡോ. ജോസ് ജോർജ്ജ് പ്ളാത്തോട്ടം, താവം ബാല കൃഷ്ണൻ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ കെ. പി ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

തൊട്ടറിയാം കൈത്തറിയുടെ വൈവിധ്യങ്ങൾ

കൈത്തറി വസ്‌ത്രങ്ങളുടെ പെരുമകളുമായി മേളയിലെ 62 സ്റ്റാളുകൾ ശ്രദ്ധയാകർഷിക്കുന്നു. തനത് വസ്‌ത്ര വൈവിധ്യങ്ങളുടെ പുതുമകൾ അടയാളപ്പെടുത്തുന്നതാണ് എല്ലാ സ്‌റ്റാളുകളും. ഊടും പാവും നിറഞ്ഞ കൈത്തറി വസ്ത്ര വിപണിയിൽ കണ്ണൂരിലെ ഒട്ടേറെ നെയ്തു സംഘങ്ങളും പാരമ്പര്യതനിമയുള്ള നെയ്ത്തു വസ്ത്രങ്ങളുമായി അണിനിരക്കുന്നു.

ഓണം വിപണന മേളയിൽ കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പ്രമുഖ കൈത്തറി സംഘങ്ങൾ, ഹാൻടെക്സ്, ഹാൻവീവ്, കരകൗശല സംഘങ്ങൾ എന്നിവരുടെയും സ്റ്റാളുകളുണ്ട്. കോട്ടൺ സാരികൾ, സെറ്റ് മുണ്ടുകൾ, ദോത്തികൾ, കൈലികൾ, ചവിട്ടികൾ, കുഷ്യനുകൾ, മേശ വിരി തുടങ്ങിയവ മേളയിലുണ്ട്.

കേരളത്തിലെ കൈത്തറി സംഘങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം റിബേറ്റുണ്ട്. കേരളത്തിലെ കൈത്തറി സംഘങ്ങളിൽ നിന്ന് വാങ്ങിയ ഉൽപ്പന്നങ്ങളുടെ ഓരോ 1000 രൂപയുടെ ബില്ലിനും നറുക്കെടുപ്പിലൂടെ ദിവസവും മൂന്നു പേർക്ക് 1000 രൂപ വിലമതിക്കുന്ന കൈത്തറി വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. ആഗസ്റ്റ് 25 വരെയാണ് മേള നടക്കുക. രാവിലെ 9 മുതൽ രാത്രി 9 വരെ സ്റ്റാളുകൾ പ്രവർത്തിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്