മയ്യിൽ: വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. പാവന്നൂർമൊട്ട ഐടിഎം കോളേജ് ഓഡിറ്റോറിയത്തിൽ സംസ്ഥാന ജന.സെക്രട്ടറി ദേവസ്യമേച്ചേരി ഉദ്ഘാടനം ചെയ്തു. ചെറുകിട-ഇടത്തരം വ്യാപാരമേഖല വന്‍ തകര്‍ച്ച നേരിടുകയാണ്. നാട്ടിൻപുറങ്ങളിലടക്കം
പിടിച്ച് നില്‍ക്കാനാവാതെ ചെറുകിട-ഇടത്തരം ഷോപ്പുകള്‍ ഗ്രാമീണ മേഖലയിലും നഗരപ്രദേശങ്ങളിലും ഒരുപോലെ അടച്ചുപൂട്ടികൊണ്ടിരിക്കുകയാണ്. വഴിയോര കച്ചവടവും ഓണ്‍ലൈന്‍ വിപണിയും സജീവമായതാണ് ചെറുകിട വ്യാപാര മേഖലക്ക് തിരിച്ചടിയായത്.
വ്യാപാരികള്‍ പലരും കടക്കെണിയിലാണ്. എടുത്ത ലോണുകള്‍ മുടങ്ങിയതിനാല്‍ പുതുതായി ലോൺ പോലും ലഭ്യമാവാത്ത സ്ഥിതിയാണ്. കടക്കാരെ പേടിച്ച് വീട്ടിലിരിക്കാനും കച്ചവടസ്ഥാപനങ്ങള്‍ തുറക്കാനും കഴിയാത്ത അവസ്ഥയിലാണ് പലരും. ഓണ്‍ലൈന്‍ വിപണി വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഓണ്‍ലൈന്‍ വിപണിയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു നീക്കവും ഇല്ല.നികുതി വരുമാനത്തിൽ വലിയ പങ്കും ചെറുകിട - ഇടത്തരം കച്ചവടക്കാരുടേതാണ്. 50 ലക്ഷത്തോളം ആളുകളാണ് ചെറുകിട വ്യാപാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്.
ഗ്രാമീണ - നഗര വ്യത്യാസമില്ലാതെ നൂറു കണക്കിന് കെട്ടിടങ്ങള്‍ കച്ചവടക്കാരെ കാത്ത് ഒഴിഞ്ഞുകിടക്കുകയാണ്. കനത്ത മാസവാടകയും അഡ്വാന്‍സും ഡിപ്പോസിറ്റും ഒഴിവാക്കിയിട്ടും കടമുറികള്‍ വാടകക്ക് എടുക്കാന്‍ ആരും തയ്യാറാകാത്ത അവസ്ഥയാണ്.
നികുതി വരുമാനത്തിന്റെ വലിയ ഭാഗം വ്യാപാരികളില്‍ നിന്നാണ് സര്‍ക്കാരിന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ രക്ഷാകരം നീട്ടേണ്ടതും സര്‍ക്കാര്‍ തന്നെയാണ്. പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിൽ നാടിനെ ചേർത്ത് പിടിച്ചവരാണ് വ്യാപാരി-വ്യവസായി സമൂഹം അവരുടെ പ്രതിസന്ധിയിൽ കൂടെ നിൽക്കാൻ ഗവൺമെൻ്റിനും ധാർമ്മിക ബാധ്യതയുണ്ട് എന്നും സംസ്ഥാന ജന.സെക്രട്ടറി ദേവസ്യ മേച്ചേരി പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് മുഖ്യപ്രഭാഷണം നടത്തി. മയ്യിൽ യൂണിറ്റ് പ്രസിഡണ്ട് കെ.പി.അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. വ്യാപാരി നേതാക്കളായ അബ്‌ദുൾ മനാഫ്, ജാഫർ സാദിഖ്, രാജീവ് മാണിക്കോത്ത്, പി.പി.സിദ്ദിഖ്, എ.എം.മുസ്‌തഫ, യു.പി.മജീദ്, പി.ഷറഫുദ്ദീൻ, എം.ഒ. നാരായണൻ എന്നിവർ സംസാരിച്ചു.
2026 - 28 വർഷത്തെ ഭാരവാഹികളായി പി.പി സിദ്ദിഖ് (പ്രസിഡന്റ്), രാജീവ് മാണിക്കോത്ത് (ജനറൽ സെക്രട്ടറി), ഷറഫുദ്ദീൻ പി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment