പയ്യന്നൂർ മാതമംഗലത്ത് തെയ്യം കാണാൻ എത്തിയ വയോധികയുടെ കഴുത്തിൽ നിന്ന് സ്വർണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സഹായികളായ രണ്ടുപേർക്കായി അന്വേഷണം ഊർജിതം. പാണപ്പുഴ പറവൂരിലെ പാപ്പിനിശേരിവളപ്പിൽ ഹൗസിൽ പി.വി രുക്‌മിണിയെ (76) കവർച്ചക്കിരയാക്കിയ കർണ്ണാടക കോലാർ മുൽബാഗ് സ്വദേശിനിയും വീരാജ്പേട്ട ചാമുണ്ടേശ്വരി ക്ഷേത്രത്തിന് സമീപം താമസക്കാരിയുമായ അനിത (39), വീരാജ്പേട്ട ടവർഗേറ്റിലെ ആർ. ഗീത (40) എന്നിവരെയാണ് പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തത്.
മാതമംഗലം പുലിയൂർകാളി ക്ഷേത്രത്തിൽ ഞായറാഴ്‌ച വൈകീട്ട് മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം.രുക്മിണി തെയ്യത്തിനെ തൊഴാൻ നിൽക്കുമ്പോൾ നാലുപേരും ചേർന്ന് കഴുത്തിലൂടെ കയ്യിട്ട് ആറ് ലക്ഷം വിലമതിക്കുന്ന ലോക്കറ്റടക്കം അഞ്ചരപവന്റെ സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല പൊട്ടിച്ചയുടൻ തന്നെ രുക്മിണി സംഭവം അറിഞ്ഞിരുന്നു. തുടർന്ന് സ്ഥലത്ത് ഉണ്ടായിരുന്നവരെയും പൊലീസിനെയും വിവരം അറിയിച്ചു.
രുക്‌മിണി മോഷ്ടാക്കളുടെ പിന്നാലെ കരഞ്ഞുകൊണ്ട് ഓടുകയും ചെയ്‌തിരുന്നു. തുടർന്ന് നാട്ടുകാർ രണ്ടുപേരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
മറ്റുരണ്ടുപേർ ഓടി രക്ഷപ്പെടുകയും ചെയ്‌തു. മാല മോഷ്ടിക്കുന്ന ദൃശ്യം അമ്പലത്തിലെ സി.സി.ടി.വിയിൽ നിന്ന് പൊലീസ് ശേഖരിച്ചു. അറസ്റ്റിലായ സ്ത്രീകളിൽ നിന്ന് മാല കിട്ടിയിട്ടില്ല. ഓടി രക്ഷപ്പെട്ടവരുടെ കയ്യിലാണ് മാലയുള്ളതെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Post a Comment