കൊളച്ചേരി: തിരഞ്ഞെടുപ്പ് ദിവസം നാടിനെ നടുക്കി കിണറില്‍ വീണ് രണ്ട് പേരുടെ മരണം. കൊളച്ചേരി നൂഞ്ഞേരി സതീശന്‍ പീടികക്ക് സമീപത്ത് വ്യാഴാഴ്ച രാവിലെ ഏഴിന് കിണറില്‍ നിന്ന് മണ്ണും കല്ലും കയറ്റാനുപയോഗിക്കുന്ന യന്ത്രത്തിന്റെ ഇരുമ്പു വടം പൊട്ടിയാണ് നൂഞ്ഞേരിയിലെ ഗഫൂര്‍, പൂല്ലൂപ്പി ടാക്കീസ് റോഡിലെ രാകേഷ് എന്നിവരാണ് മരിച്ചത്. വിവരമറിഞ്ഞ് മയ്യില്‍ പോലീസ്, അഗ്നിശമന സേനാ വിഭാഗം എന്നിവരെത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയിരുന്നത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി.കെ.അഫ്‌സലിന്റെ നേതൃത്വത്തില്‍ ആര്‍.പി.ഷൈബാസ്,വൈശാഖ് എന്നിവരാണ് കിണറിലിറങ്ങി ഇരുവരെയും പുറത്തെടുത്തത്. വീഴ്ചയുടെ ആഘാതത്തില്‍ ഇരുവരും അബോധാവസ്ഥയിലായിരുന്നു. പുതുതായി നിര്‍മിക്കുന്ന ഭവനത്തിനായി കഴിഞ്ഞ വര്‍ഷം പാതി നിര്‍ത്തിയ നിര്‍മാണ പ്രവൃത്തികള്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്നതിനിടെയാണ് അപകടം. ഇരുവരും പ്രദേശത്തെ മികച്ച തൊഴിലാളികളായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കിണര്‍ കുഴിക്കുന്നതിനായി ഉപയോഗിച്ച് യന്ത്രത്തിന്റെ വടം ദ്രവിച്ചതായിരുന്നുവെന്നാണ് പറയുന്നത്. ഇരുവരെയും ആസ്പത്രിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇരുവരും തടിച്ച പ്രകൃതമുള്ളവരായിരുന്നു. രാവിലെ ആറ് മുതല്‍ ഉച്ചവരെ ജോലി ചെയ്യുന്ന രീതിയായിരുന്നു ഇവര്‍ക്ക്. തിരഞ്ഞെടുപ്പ് ദിവസം നടന്ന അപകട വാര്‍ത്തയെ തുടര്‍ന്ന് പ്രദേശത്ത് നിരവധി പേരാണ് തടിച്ചു കൂടിയത്. അധ്വാനിച്ച് കുടുംബം നോക്കിയിരുന്ന അത്താണിയാണ് ഇല്ലാതായതെന്ന് അപകടം നടന്ന കിണറിനു സമീപത്തെ വീട്ടിലെ താമസക്കാരനായ എം.സി. ദിനേശന്‍ പറഞ്ഞു.

Post a Comment