മയ്യിൽ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി ഡി എസ് വിദ്യാർത്ഥി തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി ആർ എൽ നിധിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണവും കർശന നടപടികളും വേണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പരിഷത്ത് പ്രതിനിധി സംഘം സംഭവസ്ഥലം സന്ദർശിച്ചു.
അധ്വാപകരുടെ ഭാഗത്തുനിന്നുണ്ടായ ജാതീയമായ അധിക്ഷേപം, നിറത്തിന്റെ പേരിലെ അവഹേളനം, വിദ്യാർത്ഥികളിൽ നിന്നുണ്ടായ റാഗിംഗ് എന്നിവയാണ് ആത്മഹത്യക്ക് കാരണമെന്ന് സഹപാഠികളും ബന്ധുക്കളും സ്ഥിരീകരിക്കുന്നുണ്ട്.
വകുപ്പുമേധാവി നിധിൻരാജിനെ തെരുവുപട്ടിയെന്ന് ആക്ഷേപിച്ചതായും താൻ പോയി ചത്തോളൂവെന്ന് ആക്രോശിച്ചതായും സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിന് വിധേയമായതായും പരാതിയുണ്ട്.
കേരളം സഹനസമരങ്ങളിലൂടെ തൂത്തെറിഞ്ഞ കൊടിയ ജാതി വിവേചനം ഇന്നും പതിയിരിപ്പുണ്ടെന്നു തെളിയിക്കുന്നതാണ് ഈ സംഭവം. ഒപ്പം സ്വകാര്യ സ്വാശ്രയ കോളേജുകളിൽ നിഷേധിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങളെ ഇത് തുറന്നുകാട്ടുന്നു. കേരളത്തിൻ്റെസ്തുത്യർഹമായ വിദ്യാഭ്യാസ സംവിധാനത്തിന് കളങ്കം ചാർത്തുന്നതാണ് ഇത്തരം സംഭവങ്ങൾ. ഇതിന് കാരണക്കാരായവരെ തുറന്നു കാട്ടുകയും കർശനമായ നിയമനടപടികൾക്ക് വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്.
പ്രതിനിധി സംഘത്തിൽ പരിഷത്ത് സംസ്ഥാന ട്രഷറർ കെ. വിനോദ് കുമാർ, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ പി.പി. ബാബു, വി.വി ശ്രീനിവാസൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ പി കെ സുധാകരൻ, സതീശൻ കസ്തൂരി, പി.പി.സുനിൽകുമാർ, കെ വിനോദ്കുമാർ, കെ ദിവാകരൻ മേഖലാ സെക്രട്ടരി പ്രജീഷ് തുടങ്ങിയർ ഉണ്ടായിരുന്നു.

Post a Comment