ബംഗളൂരു: നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും രണ്ട് ലോക റെക്കോർഡുകളും സ്വന്തമാക്കിയ ഡോ.സി.വി. രഞ്ജിത്തിന് വീണ്ടും ദേശീയ പുരസ്കാരം. ഡോ.സി വി രഞ്ജിത്ത് സംഗീതവും സംവിധാനവും നിർവ്വഹിച്ച 'വന്ദേമാതരം - എ ഫീൽ ഓഫ് പേട്രിയോട്ടിസം' എന്ന ഗാനത്തിലൂടെയാണ് ഡോ സി വി രഞ്ജിത്ത് നേട്ടം കരസ്ഥമാക്കിയത്. വന്ദേമാതരം ദേശഭക്തിഗാനത്തിന്റെ നൂറ്റിയമ്പതാം വാർഷികത്തിൻ്റെ ഭാഗമായി, പ്രമുഖ മാധ്യമ സ്ഥാപനമായ '9 ഫിഗർ മീഡിയ'യുടെ ആഭിമുഖ്യത്തിൽ ജനുവരി 25 ന് ബംഗളൂരു ഗാന്ധി ഭവനിൽ നടക്കുന്ന ചടങ്ങിൽ ഡോ. സി വി രഞ്ജിത്തിനെ പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കും.
രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നുമായി ലഭിച്ച 287 എൻട്രികളിൽ നിന്നാണ് ഡോ. രഞ്ജിത്തിന്റെ 'വന്ദേമാതരം' മികച്ച സൃഷ്ടിയായി തിരഞ്ഞെടുക്കപ്പെട്ടത്. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള 20 സംസ്ഥാനങ്ങളിലെ 44 കേന്ദ്രങ്ങളിൽ ഒന്നര വർഷം കൊണ്ട് ചിത്രീകരിച്ച ഈ ഗാനം ഇതിനോടകം രണ്ട് ലോക റെക്കോർഡുകളും 25-ലധികം അന്താരാഷ്ട്ര പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഈ നേട്ടങ്ങളെ മുൻനിർത്തിയാണ് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ട്രോഫിയും മെഡലും പ്രശസ്തിപത്രവും നൽകി അദ്ദേഹത്തെ ചടങ്ങിൽ ആദരിക്കുന്നത്. മാത്രമല്ല വന്ദേമാതരം : എ ഫീൽ ഓഫ് പാട്രിയോട്ടിസം തീം സോങ്ങായി ഉൾപ്പെടുത്തി ഈ ഗാനം പ്രദർശിപ്പിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിക്കുക.
ഇന്ത്യൻ ടൂറിസത്തെയും വൈവിധ്യത്തെയും ആഗോളതലത്തിൽ എത്തിക്കുന്ന ഈ വീഡിയോ ഇന്ത്യൻ സായുധ സേനയ്ക്കാണ് സമർപ്പിച്ചിരിക്കുന്നത്.

Post a Comment