അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹൈ വേ നിർമ്മാണം ഏറ്റെടുത്തു നടത്തി വരുന്ന മേഘ എഞ്ചിനീയറിംഗ് & ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്ന സ്ഥാപനത്തിനു ത. സ്വ. ഭ. വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 25000 രൂപ പിഴ ചുമത്തി. ഏഴോം ഗ്രാമപഞ്ചായത്ത് പരിധിയിലെ തളിപ്പറമ്പ ചുടല ഭാഗത്ത് ഹൈവേ നിർമ്മാണ പ്രവർത്തി നടക്കുന്ന പ്രദേശത്ത് ഫ്ലൈ ഓവറിനു താഴെ കരാർ കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന താൽകാലിക ഷെഡിന്റെ പരിസര പ്രദേശത്തെ മാലിന്യ പ്രശ്നത്തിനാണ് സ്‌ക്വാഡ് പിഴയിട്ടത് ത.സ്വ.ഭ.വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
പ്രദേശത്ത് വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിലും കത്തിച്ച നിലയിലും തൊഴിലാളികൾ കുളിച്ച ശേഷമുള്ള മലിനജലം തുറസായി ചെരിഞ്ഞ പ്രദേശത്തേക്ക് ഒഴുക്കി വിട്ട നിലയിലും കണ്ടെത്തി. സമീപത്തായി തന്നെ സ്ഥിതി ചെയ്യുന്ന പാചകപുരയ്ക്ക് സമീപം ഭക്ഷണാവശിഷ്ടങ്ങൾ വലിയ തോതിൽ കെട്ടി കിടക്കുന്ന മലിനജലത്തിലേക്ക് തള്ളിയ നിലയിലും പ്രദേശത്ത് വലിയ ദുർഗന്ധം പരത്തുന്ന നിലയിലും സ്‌ക്വാഡ് കണ്ടെത്തി. ഭക്ഷണവാശിഷ്ടങ്ങളും ഓയിൽ കവറുകളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും തൊഴിലാളികൾ കുളിച്ച ശേഷം പ്രദേശത്ത് കെട്ടി കിടക്കുന്ന മലിനജലത്തിലേക്ക് തള്ളി വരുന്ന സ്ഥിതിയാണ് പ്രദേശത്ത് കാണപ്പെട്ടത്.
മലിനജലം താഴേക്ക് ഒലിച്ചു പോകുന്ന നിലയിലും കാണപ്പെട്ടു. ജൈവ - അജൈവ മാലിന്യങ്ങൾ സംസ്‌ക്കരിക്കാൻ യാതൊരു വിധ സംവിധാനാനങ്ങളും തൊഴിലാളികൾക്ക് ഒരുക്കി നൽകിയിട്ടില്ല എന്ന് പരിശോധനയിൽ കണ്ടെത്തി. സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തുകയും മാലിന്യ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാനുള്ള നിർദേശവും നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ ഏഴോം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രിയ പി പി തുടങ്ങിയവർ പങ്കെടുത്തു.



Post a Comment