Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് പഞ്ചായത്ത് ഭരണം പിടിക്കാന്‍ ബിജെപിയെ കൂട്ടുപിടിച്ച ലീഗ് ജാള്യത മറയ്ക്കാന്‍ എസ്.ഡി.പി.ഐയെ വലിച്ചിഴക്കുന്നു: SDPI

നാറാത്ത് പഞ്ചായത്ത് ഭരണം പിടിക്കാന്‍ ബിജെപിയെ കൂട്ടുപിടിച്ച ലീഗ് ജാള്യത മറയ്ക്കാന്‍ എസ്.ഡി.പി.ഐയെ വലിച്ചിഴക്കുന്നു: SDPI

നാറാത്ത്: 15 വര്‍ഷമായി നഷ്ടപ്പെട്ട പഞ്ചായത്ത് ഭരണം പിടിക്കാന്‍ വേണ്ടി വംശഹത്യാ വാദികളായ ബിജെപിയെ കൂട്ടുപിടിച്ചതിന്റെ ജാള്യത മറയ്ക്കാനാണ് മുസ് ലിം ലീഗ് എസ്.ഡി.പി.ഐയെ വലിച്ചിഴക്കുന്നതെന്ന് എസ്.ഡി.പി.ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു. 'യുഡിഎഫിന് പഞ്ചായത്ത് ഭരണം, ബിജെപിക്ക് അക്കൗണ്ട് തുറക്കല്‍' എന്നതായിരുന്നു അവിശുദ്ധ കൂട്ടുകെട്ടിന്റെ ലക്ഷ്യം. ഇതനുസരിച്ച് രണ്ടാം വാര്‍ഡ് ചോയിച്ചേരിയില്‍ ഉള്‍പ്പെടെ യു.ഡി.എഫ്. വോട്ടുകള്‍ കൂട്ടത്തോടെ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് നല്‍കി. കഴിഞ്ഞ തവണ ബിജെപിക്കും കോണ്‍ഗ്രസിനും ഇവിടെ 327 വീതം വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ കോണ്‍ഗ്രസിന് വെറും 161 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപിക്കാവട്ടെ 364 വോട്ടുകള്‍ ലഭിച്ചു. 166 വോട്ടുകളാണ് കുറഞ്ഞത്. മറ്റൊരു വാര്‍ഡിലെ ലീഗ് സ്ഥാനാര്‍ഥിയുടെ കുടുംബത്തിന് മികച്ച വോട്ടുകളുള്ള ഇവിടെ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് രഹസ്യപ്രചാരണം നടത്തിയതറിഞ്ഞ നാട്ടുകാര്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വോട്ടെടുപ്പിന്റെ തലേന്ന് വീടുകളില്‍ നടത്തിയ പ്രചാരണം കാരണമാണ് അക്കൗണ്ട് തുറക്കുന്നതില്‍ നിന്ന് ബിജെപിയെ തടയിട്ടത്. രണ്ടാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ന്യൂനപക്ഷ സമുദായങ്ങളുടെ പല വീടുകളിലും വോട്ടഭ്യര്‍ഥിക്കാനെത്താത്തതും വലിയ ചര്‍ച്ചയായിരുന്നു. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ എ പി അബ്ദുല്ലക്കുട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യൂത്ത് ലീഗ് നേതാക്കളാണ് രഹസ്യ ധാരണയ്ക്ക് നേതൃത്വം നല്‍കിയത്. ബിജെപി സ്ഥാപക നേതാവ് കെ ജി മാരാറുടെ നാട്ടില്‍ അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍, ജനകീയമായി നടത്തിയ ചെറുത്തുനില്‍പ്പ് കാരണമാണ് ബി.ജെ.പി. വെറും 37 വോട്ടുകള്‍ക്ക് തോറ്റുപോയത്. തൊട്ടടുത്ത പഞ്ചായത്തായ കൊളച്ചേരിയിലെ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റിൻ്റെ വീട് ഉൾപ്പെടുന്ന വാർഡിൽ ബി.ജെ.പി ജയം അനായാസമാക്കുകയും ചെയ്തത് കൂടി കൂട്ടിവായിക്കേണ്ടതാണ്. യു.ഡി.എഫ് അണികളില്‍നിന്ന് പോലും ഇതിനെതിരേ അമര്‍ഷം ഉയര്‍ന്നപ്പോള്‍ അതില്‍നിന്നു വഴിതിരിച്ചുവിടാന്‍ വേണ്ടി സി.പി.എം.-എസ്.ഡി.പി.ഐ കൂട്ടുകെട്ട് എന്ന കള്ളക്കഥ മെനയുകയാണ്. 17ാം വാര്‍ഡില്‍ ബി.ജെ.പി. ജയിച്ചാലും എസ്.ഡി.പി.ഐ ജയിക്കരുതെന്ന ലീഗ് പ്രവര്‍ത്തകന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ചര്‍ച്ചയും ബി.ജെ.പിയുമായുള്ള ഡീല്‍ മറനീക്കുന്നതായിരുന്നു. ഇവിടെയും കഴിഞ്ഞ തവണത്തേക്കാള്‍ ബി.ജെ.പി വോട്ടുകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസ്സുമായും ബിജെപിയുമായും കൂട്ടുകെട്ടുണ്ടാക്കി പഞ്ചായത്ത് ഭരണം പിടിച്ച ലീഗ് നേതൃത്വത്തിനെതിരേ, പ്രത്യേകിച്ച് യുവ നേതാക്കള്‍ക്കെതിരേ അണികള്‍ക്കിടയില്‍ തന്നെ വിമര്‍ശനമുയരുമെന്ന് മനസ്സിലാക്കിയാണ് യൂത്ത് ലീഗ് നേതാവ് ഒരു മുഴം മുമ്പേ എറിഞ്ഞ് സി.പി.എമ്മും എസ്.ഡി.പി.ഐയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് പ്രസ്താവിച്ചത്. പ്രസംഗത്തില്‍ ആര്‍.എസ്.എസ്സിനെയും ബി.ജെ.പിയെയും വിമര്‍ശിക്കാത്തതും അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉദാഹരണങ്ങളാണ്. വരുംകാലങ്ങളില്‍ ഇത്തരം അവിശുദ്ധ കൂട്ടുകെട്ടിന്റെ കെടുതികള്‍ക്ക് പഞ്ചായത്ത് നിവാസികള്‍ സാക്ഷികളാകേണ്ടി വരും. ഏതായാലും മുസ് ലിം ലീഗ്-ബി.ജെ.പി കൂട്ടുകെട്ട് തിരിച്ചറിഞ്ഞ് അക്കൗണ്ട് തുറക്കുന്നതില്‍നിന്ന് ബിജെപിയെ തടഞ്ഞ ജനാധിപത്യ വിശ്വാസികള്‍ക്കും അതിനു നേതൃത്വം നല്‍കിയ ജനകീയ സമിതിക്കും അഭിവാദ്യങ്ങള്‍ നേരുന്നതായും എസ്.ഡി.പി.ഐ. പ്രസ്താവനയില്‍ വ്യക്തമാക്കി.

0/Post a Comment/Comments